X

ദൂമയില്‍ രാസായുധ പ്രയോഗമെന്ന് സംശയം: 70 പേര്‍ കൊല്ലപ്പെട്ടു

 

സിറിയയില്‍ രാസായുധ പ്രയോഗമെന്ന് സംശയം. എഴുപത് പേര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ രാസായുധ പ്രയോഗമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും.

ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം സിറിയന്‍ സര്‍ക്കാരും നിഷേധിച്ചു.

വളരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. മാരകമായ രാസായുധ പ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ സിറിയന്‍ സര്‍ക്കാരിനൊപ്പം പോരാടുന്ന റഷ്യ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യുഎസ് പറഞ്ഞു.

chandrika: