X

പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: വിവര ചോര്‍ച്ച ഉള്‍പ്പെടെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് കടുത്ത നിയന്ത്രണങ്ങളുമായി സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കുമാണ് നിയന്ത്രണം കാര്യമായി ബാധിക്കുക.

പ്രത്യേക വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളെ നിയന്ത്രിക്കുന്നത്. പേജുകള്‍ കൈകാര്യം ചെയ്യുന്നവരും അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിച്ചിരിക്കണമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തവര്‍ഷം സുപ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഫേസ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണക്കുകയുമാണ് ഈ വര്‍ഷത്തെ തന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്.

ഈ പേജുകളെയും, പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റി ചോര്‍ത്തിയ സംഭവത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സുക്കര്‍ബര്‍ഗ് അടുത്തു തന്നെ ഹാജരാകുമെന്നാണ് വിവരം.

chandrika: