X

ജീവിത മാര്‍ഗത്തിന് പൂട്ടിടുന്ന ക്രൂരത

 

ടി.കെ പ്രഭാകരകുമാര്‍

കോവിഡ് ബാധിച്ചുള്ള മരണത്തേക്കാള്‍ ഭയാനകമായ അവസ്ഥയിലൂടെയാണ് നാട് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ സാധാരണക്കാരായ ജനങ്ങള്‍ നിലവിളിക്കുകയാണ്. കോവിഡ് ബാധിച്ച് മരണമടയുന്നരോടൊപ്പം തന്നെ മഹാമാരി വരുത്തിയ പ്രതിസന്ധി കാരണം ജീവിതമാര്‍ഗം വഴിമുട്ടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. നാളിതുവരെ അനുഭവപ്പെടാത്തത്രവിധം രൂക്ഷമായ തൊഴിലില്ലായ്മയും കടക്കെണിയും ദാരിദ്ര്യവും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും അടുത്ത കാലത്തൊന്നും കരകയറാനാവാത്തവിധം പ്രതിസന്ധിയുടെ ആഴക്കയത്തില്‍ പ്രാണരക്ഷക്കുവേണ്ടി കൈകാലിട്ടടിക്കുന്നു.

സാമ്പത്തികപ്രശ്‌നങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി വന്നുമൂടുമ്പോള്‍ വിവിധ ജനവിഭാഗങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ യാതൊരുമാര്‍ഗവും കാണാതെ ഉഴറുകയാണ്. ബാങ്കില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് വീടുകള്‍ നിര്‍മിച്ചവരും കൃഷി ചെയ്തവരും പല തരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവരും കോവിഡ് കാലത്ത് വായ്പാതുക തിരിച്ചടക്കാനാകാതെ കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് വായ്പ തിരിച്ചടക്കുന്നതിന് മൂന്നോ നാലോ മാസത്തെ ഇളവുകള്‍ ലഭിച്ചിരുന്നു. മൊറട്ടോറിയം വലുതായല്ലെങ്കിലും ചെറിയ തോതിലെങ്കിലും ആശ്വാസം പകരുകയുണ്ടായി. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പേരിലുള്ള ലോക്ഡൗണ്‍ വന്നതോടെ ഒരു ഇളവും ലഭിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോടികളുടെയും ലക്ഷങ്ങളുടെയും ബാങ്ക് ബാലന്‍സുള്ള അതിസമ്പന്നരും ഒഴികെയുള്ള വിഭാഗങ്ങളെല്ലാം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ബാങ്ക് വായ്പയെടുത്തവര്‍ക്ക് തൊഴില്‍ പ്രതിസന്ധി കാരണം കൃത്യമായി ലോണടക്കാന്‍ സാധിക്കുന്നില്ല. മൊറട്ടോറിയവും മറ്റ് ആശ്വാസനടപടികളും ഇത്തവണ ഇല്ലാത്തതുകാരണം ബാങ്കുകള്‍ മുറ തെറ്റാതെ ജപ്തി നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. മുതലും പലിശയും കൂട്ടുപലിശയുമടക്കം ഭീമമായ തുക അടക്കാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങളുടെ സകല സമ്പാദ്യങ്ങളും നഷ്ടമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ബാങ്കുകളിലെയും മറ്റ് ധനകാര്യസ്ഥാപനങ്ങളിലെയും വായ്പാതുകയുടെ മുതലും പലിശയും തടസമില്ലാതെ അടയ്ക്കണമെങ്കില്‍ തൊഴില്‍ മേഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ കേരളത്തില്‍ അതിനാവശ്യമായ അനുകൂല സാഹചര്യം ഇനിയും വന്നുചേര്‍ന്നിട്ടില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഇടതടവില്ലാതെ തുടരുന്നതിനാല്‍ കര്‍ഷകരും കൂലിത്തൊഴിലാളികളും അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ തന്നെയാണ്. ബാങ്കുകളില്‍നിന്നും വായ്പയെടുത്ത പണം കൊണ്ടാണ് മിക്ക കച്ചവട സംരംഭങ്ങളും മുന്നോട്ടുപോയിരുന്നത്.

കേരളത്തില്‍ രണ്ടുതവണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വ്യാപാര മേഖല പൂര്‍ണമായും തകര്‍ച്ചയുടെ അവസ്ഥയിലാണ്. കോവിഡ് ടി.പി.ആര്‍ നിരക്കിന്റെയും എ.ബി. സി.ഡി കാറ്റഗറിയുടെയും അടിസ്ഥാനത്തിലാണ് ഏതൊക്കെ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണം തുറക്കണ്ട എന്ന തീരുമാനത്തിലെത്തുന്നത്. ഇതുകാരണം ഒരു ദിവസം തുറക്കുന്ന കട പിന്നെ ഒരാഴ്ചയോ രണ്ടാഴ്ചയോ തുറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നു. തുറക്കുന്ന കടകള്‍ക്കുതന്നെ സാധാരണ നിശ്ചയിക്കപ്പെടുന്ന സമയത്തിന് മണിക്കൂറുകള്‍ മുമ്പെ തന്നെ പൂട്ടേണ്ടിവരികയാണ്. പൂര്‍ണമായും കടയിലെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഈ സാഹചര്യത്തില്‍ ബാങ്കിലെ കടബാധ്യത എങ്ങനെയാണ് വീട്ടുക. സ്വന്തമായി കടയുള്ളവരേക്കാള്‍ വാടക കെട്ടിടങ്ങളില്‍ കട നടത്തുന്നവരാണേറെയും. ഇത്തരക്കാര്‍ക്ക് ബാങ്ക് വായ്പ അടക്കുന്നതിന്പുറമെ മാസവാടകയും നല്‍കണം. നിരന്തരമായി അടച്ചിടേണ്ടിവരുന്ന കടകള്‍ ഇവര്‍ക്ക് എന്ത് വരുമാനം നല്‍കുമെന്നതിനെക്കുറിച്ച് ചിന്തിക്കണം.

കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കാരണം പട്ടിണിയിലും കടക്കെണിയിലും അകപ്പെടുന്ന വ്യാപാരികള്‍ക്ക് ഈ ദുര്‍ഘടമായ ജീവിതാവസ്ഥകളെ മറികടക്കാനുള്ള പരിഹാരനടപടികളും ഉണ്ടാകണം. അതൊന്നും ചെയ്യാതെ നിയന്ത്രണങ്ങള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ ആത്മഹത്യ ചെയ്യുന്ന വ്യാപാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കും. ഒരു പക്ഷേ കേരളത്തില്‍ കോവിഡ് മരണസംഖ്യയെ മറികടക്കുന്ന കണക്കിലായിരിക്കും ആത്മഹത്യകള്‍ ഇടം പിടിക്കുക. ആ വിധത്തിലുള്ള ആശങ്കാജനകമായ വാര്‍ത്തകളാണ് ഇപ്പോള്‍ പത്രദൃശ്യമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. വരുമാനം നിലച്ച വ്യാപാരികള്‍ക്ക് അവരുടെ ദയനീയാവസ്ഥ മനസിലാക്കാതെ ഒരു കരുണയുമില്ലാതെയാണ് മരണവാറണ്ടുകളായി ബാങ്കുകളുടെ ജപ്തി നോട്ടീസുകളെത്തുന്നത്. വായ്പ അടക്കാന്‍ യാതൊരു തരത്തിലുള്ള സാവകാശവും ബാങ്കുകള്‍ നല്‍കാറില്ല. ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ തടയാനുള്ള നടപടി അധികാരികളും സ്വീകരിക്കുന്നില്ല. വരുമാനമാര്‍ഗം അടയ്ക്കുന്ന വിധത്തിലുള്ള നിയന്ത്രണം ഇനി തുടരുകയാണെങ്കില്‍ വഴിയാധാരമാകുന്നവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ നടപടിയുണ്ടാകണം. നിയന്ത്രണം പിന്‍വലിക്കുന്നതുവരെ വായ്പാതുകയും പലിശയും ഈടാക്കുന്നതില്‍നിന്ന് ബാങ്കുകളെ തടയുകയും വേണം. അതിനൊന്നും സാധിക്കുന്നില്ലെങ്കില്‍ ഉപജീവനമാര്‍ഗം മുടക്കുന്ന വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക.

വല്ലപ്പോഴും കടകള്‍ തുറക്കുന്നതുകൊണ്ടാണ് നിശ്ചിത ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കുകൂടുന്നത്. ആഘോഷദിവസങ്ങളിലാകുമ്പോള്‍ തിരക്കുകള്‍ അനിയന്ത്രിതം തന്നെയായിരിക്കും. കോവിഡ് ബാധിതരുടെ നിരക്ക് കുത്തനെ ഉയരാനും ആള്‍ത്തിരക്ക് കാരണമാകുന്നു. ടി.പി.ആര്‍ 10 ശതമാനത്തിനും മുകളില്‍തന്നെ ഇപ്പോഴുംനിലനില്‍ക്കുന്നതിന് കാരണം മറ്റൊന്നുമല്ല. കോവിഡ് വ്യാപനം തടയാന്‍ അടച്ചിടലല്ല മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടുള്ള തുറന്നിടല്‍ തന്നെയാണ് അഭികാമ്യം. എല്ലാ ദിവസവും കടകളും മറ്റ് സ്ഥാപനങ്ങളും തുറന്ന്പ്രവര്‍ത്തിച്ചാല്‍ ആളുകളുടെ തിരക്ക് തടയാന്‍ സാധിക്കും. ആവശ്യക്കാര്‍ കൂട്ടത്തോടെ കടകളിലെത്തുന്ന സ്ഥിതിക്ക് പരിഹാരം കണ്ടെത്താനാകും.

ഗ്രാമപ്രദേശങ്ങളിലെ കടകളിലേക്കാള്‍ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ പോകുന്നത് നഗരങ്ങളിലെ കടകളിലേക്കാണ്. കടകള്‍ ദിവസവും തുറന്നാല്‍ നഗരങ്ങളില്‍ എത്തുന്ന ആളുകളുടെ എണ്ണം കൂടുമെന്നതില്‍ സംശയമില്ല. ഗതാഗതവും സജീവമാകും. ഇഷ്ടം പോലെ സമയമുള്ളതിനാല്‍ കടകളില്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യമുണ്ടാകില്ല. സാമൂഹിക അകലം ലംഘിക്കപ്പെടുന്നത് തടയാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തിലുള്ള ശാസ്ത്രീയവും പ്രായോഗികവുമായ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുമാത്രമേ ഉപജീവനമാര്‍ഗത്തിന്‍മേലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. കോവിഡ് കാറ്റഗറികളെ ആധാരമാക്കിയുള്ള കടപൂട്ടലും തുറക്കലും രോഗവ്യാപനം കുറക്കാന്‍ സഹായിക്കുന്നില്ലെന്നത് അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ കോവിഡ് നിരക്ക് കൂടിയ കാറ്റഗറിയുള്ള പ്രദേശത്തെ കടകള്‍ പൂട്ടുമ്പോള്‍ കുറഞ്ഞ കാറ്റഗറിയുള്ള പ്രദേശത്തേക്ക് ആളുകള്‍ പോകുന്നു. ഇത് കോവിഡ് നിരക്ക് കുറഞ്ഞ പ്രദേശത്ത് കൂടാന്‍ ഇടവരുത്തുന്നു. ഫലത്തില്‍ ഈ വിധത്തിലുള്ള നിയന്ത്രണങ്ങള്‍ വിപരീതഫലമുണ്ടാക്കുകയാണ് ചെയ്യുന്നത്.

കോവിഡ് കാരണം തകര്‍ച്ചയിലെത്തിയ മേഖല സ്വകാര്യബസ് വ്യവസായമാണ്. സംസ്ഥാനത്താകമാനം നൂറുകണക്കിന് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. മിക്ക തൊഴിലാളികള്‍ക്കും ജോലിയില്ലാതായി. പല ബസുടമകളും ഈ മേഖല തന്നെ ഉപേക്ഷിച്ചു. ബസ് വ്യവസായം നഷ്ടത്തിലായതോടെ ലോണെടുത്ത ഉടമകള്‍ കടക്കെണിയിലും തൊഴിലാളികള്‍ പട്ടിണിയിലുമാണ്. ജീവനൊടുക്കുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിക്കുന്നു. വ്യാപാരം, വ്യവസായം, കൃഷി, കൂലിവേല തുടങ്ങി വിവിധ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നവരെല്ലാം കടബാധ്യത അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം കടുത്ത മനക്ലേശത്തിലാണ്.

ജീവിക്കാന്‍ നിര്‍വാഹമില്ലാതെ ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ അനാഥാവസ്ഥയെക്കുറിച്ചും ഗൗരവപൂര്‍വം ചിന്തിക്കാത്ത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് കോവിഡിന്റെ പേരിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. എല്ലാ മാസവും കൃത്യമായി സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം പ്രാധാന്യം കോവിഡിന് മാത്രമാണ്. അല്ലാതെ കോവിഡ് മൂലം ജീവിതം നഷ്ടമാകുന്ന സാധാരണക്കാരല്ല. തങ്ങള്‍ സുരക്ഷിതരായതിനാല്‍ അരക്ഷിതാവസ്ഥയിലുള്ളവരുടെ ജീവനും ജീവിതവും ബലികഴിച്ചാലും നിയന്ത്രണങ്ങള്‍ വിവിധ കാറ്റഗറികളില്‍പെടുത്തി തുടരുന്നതിനാണ് അവര്‍ പരിശ്രമിക്കുക. എന്നാല്‍ ആ നിയന്ത്രണങ്ങളാകട്ടെ കോവിഡ് കുറയാന്‍ തീരെ പ്രയോജനപ്പെടുന്നുമില്ല.
കോവിഡിനെക്കുറിച്ച് ജനങ്ങളെല്ലാം ബോധമുള്ളവരാണ്. സ്വയം അകലം പാലിക്കാന്‍ ശീലിച്ചുകഴിഞ്ഞ അവര്‍ക്ക് അശാസ്ത്രീയ നിയന്ത്രണങ്ങള്‍ കാരണമാണ് പലപ്പോഴും അത് ലംഘിക്കേണ്ടിവരുന്നത്. തൊഴിലും ഉപജീവനമാര്‍ഗവും സംരക്ഷിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ അകലുകയും ശരിയായ നടപടികളുമായി അവര്‍ സഹകരിക്കുകയും അതോടെ കോവിഡ് നിയന്ത്രണവിധേയമാകുകയും ചെയ്യും. അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ അനിശ്ചിതമായി തുടരുകയും ആത്മഹത്യകള്‍ ഭീമമായ തോതില്‍ പെരുകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ കൂടിയേ മതിയാകൂ.

 

 

web desk 3: