X

ബി.എസ്.എന്‍.എല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പണംതട്ടിപ്പ് സംഘം

കോഴിക്കോട്: ബി.എസ്. എന്‍.എല്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം സജീവമാകുന്നു. ബി.എസ്.എന്‍.എലില്‍ സമര്‍പ്പിച്ച രേഖകളുടെ കാലാവധി കഴിയുന്നതിനാല്‍ 24മണിക്കൂറിനുള്ളില്‍ മൊബൈല്‍ സിം സേവനം വിച്ഛേദിക്കപ്പെടുമെന്ന് അറിയിച്ചുള്ള വ്യാജസന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. കെ.വൈ.സി അക്കൗണ്ട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശത്തില്‍ ഇതില്‍ നല്‍കിയ നമ്പറില്‍ വിളിക്കാനും നിര്‍ദേശിക്കുന്നു. വ്യാജസന്ദേശങ്ങളും ടെലിഫോണ്‍ കോളുകളും വഴി വരിക്കാരോട് ചില മൊബൈല്‍ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഡെബിറ്റ്കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണംതട്ടുകയാണ്‌ചെയ്യുന്നത്. യഥാര്‍ത്ഥ കോള്‍ സെന്ററില്‍നിന്നാണെന്ന് തെറ്റിദ്ധരിക്കുന്നവിധമാണ് വ്യാജന്‍മാര്‍ ഇടപെടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ഉപഭോക്താക്കളാണ് ആശങ്കയോടെ കോഴിക്കോട്ടെ ബിഎസ്എന്‍എല്‍ ഓഫീസുമായി ബന്ധപ്പെട്ടത്. ബി.എസ്.എന്‍.എല്‍ പുതിയ സിംകാര്‍ഡ് എടുക്കുമ്പോള്‍ 1507 എന്ന നമ്പറിലേക്ക് വിളിച്ച് വിലാസം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനെ അനുകരിച്ച് തട്ടിപ്പ് ശ്രമങ്ങള്‍ നടക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ നാലക്കനമ്പറിലേക്ക് വിളിച്ച് സിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ രേഖകളുടെ വിശ്വാസ്യത പരിശോധിക്കുന്നതൊഴിച്ചാല്‍ തുടര്‍ന്ന് നിര്‍ദേശങ്ങളൊന്നും ബി.എസ്.എന്‍.എല്‍ ആവശ്യപ്പെടാറില്ല.

എന്നാല്‍ ഔദ്യോഗിക അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇത്തരം നമ്പറുകളിലേക്ക് ഫോണ്‍ ചെയ്യരുതെന്നും കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1503 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. വാട്‌സാപ്പ് വഴി തട്ടിപ്പ് നടത്തുന്ന സംഘവും ജില്ലയില്‍ സജീവമായിട്ടുണ്ട്. കഴിഞ്ഞദിവസം ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം നസീറിന്റെ പേരില്‍ വ്യാജവാട്‌സാപ്പ് പ്രൊഫൈല്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. ഓണ്‍ലൈനായി ഇ-ഗിഫ്റ്റ് കാര്‍ഡ് വാങ്ങിനല്‍കണമെന്നാവശ്യപ്പെട്ടാണ് വാട്‌സാപ്പിലൂടെ സന്ദേശം ലഭിച്ചത്. തിരുവമ്പാടി സ്വദേശിയുടെ പേരിലും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

 

web desk 3: