X

ഓരോ മണിക്കൂറിലും 165 കോവിഡ് മരണം : ഈ മാസം കോവിഡ് ബാധിച്ച് മരിച്ചത് 1.03 ലക്ഷം പേര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും മരണ സംഖ്യ കുറയാത്തത് ആശങ്കക്ക് ഇടയാക്കുന്നു. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ചത് മെയ് മാസത്തിലാണ്. ഈ മാസം ഇതുവരെ 1.03 ലക്ഷം പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും രാജ്യത്ത് ശരാശരി 165 പേര്‍ വീതം കോവിഡിന് കീഴടങ്ങുന്നുണ്ട്. 2020ല്‍ 1.48 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി ഇത്രയും കോവിഡ് മരണം നടന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 33 ശതമാനവും മെയ് മാസത്തിലാണ്. ശരാശരി ഓരോ ദിവസവും 3400 മരണം വീതമാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യ 13 ദിവസം ഇത് ശരാശരി 4000 വീതം ആയിരുന്നു. മെയ് 19നാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 4529. ഇത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഒരു രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ മരണമാണ്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കണക്കുകള്‍ പ്രകാരം 577 കുട്ടികള്‍ കോവിഡ് മൂലം അനാഥരായിട്ടുണ്ട്. തിങ്കളാഴ്ചയാണ് രാജ്യത്ത് മരണ സംഖ്യ മൂന്നു ലക്ഷം പിന്നിട്ടത്. ബ്രസീലിനും അമേരിക്കക്കും പിന്നില്‍ കോവിഡ് മരണ നിരക്കില്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12നാണ് രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ രണ്ട് ആയപ്പോഴേക്കും ഇത് ഒരു ലക്ഷം മരണമായി. ഏപ്രില്‍ 28ന് രണ്ട് ലക്ഷം ആയ മരണ സംഖ്യ മെയ് 24ന് മൂന്നു ലക്ഷം കടന്നു. രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാകാന്‍ എടുത്തത് കേവലം 27 ദിവസങ്ങള്‍ മാത്രമാണ്. കോവിഡ് കേസുകളുടെ കാര്യത്തിലും വലിയ വര്‍ധനവാണ് ഈ മാസം ഉണ്ടായത്. മെയ് ഒന്നു മുതല്‍ 83.94 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ 64.81 ലക്ഷം കേസുകളും സ്ഥിരീകരിച്ചു. 2.71 കോടി കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 55 ശതമാനം അഥവാ 1.49 കോടി കേസുകളാണ് ഏപ്രില്‍ ഒന്നുവരെ ഉണ്ടായിരുന്നത്. രാജ്യത്ത് ഇചുവരെ 20.06 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.

web desk 3: