X

പെഗാസസ് ;സുപ്രീംകോടതിക്ക് 500 പൗരന്‍മാരുടെ കത്ത്‌

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ 500 പൗരന്‍മാരുടെ കത്ത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്കാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പുവെച്ച തുറന്ന കത്ത് അയച്ചിരിക്കുന്നത്.

രാജ്യത്ത് അനീതി നടക്കുകയാണെങ്കില്‍ അതിനെതിരെ നിലകൊള്ളാന്‍ ജുഡീഷ്യറിയുണ്ടാകും എന്ന എന്‍.വി. രമണയുടെ പ്രസ്താവനയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ഇസ്രാഈല്‍ ചാരസംഘടനയുടെ സോഫ്റ്റ്വെയര്‍ വഴി ചോര്‍ത്തുന്നത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും സ്വകാര്യത്ക്കമുള്ള അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. ഈ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അധികാരവും കടമയും സുപ്രീംകോടതിക്ക് ഉണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം- കത്തില്‍ പറയുന്നു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന ഈ വിഷയത്തില്‍ സുപ്രീംകോടതി ഒട്ടും സമയം കളയാതെ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു. പെഗാസസ് ചോര്‍ത്തല്‍ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രതയേയും ആധികാരികതയേയും പൊതുജനമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. ഈ തരത്തിലുള്ള ചോര്‍ത്തലുകളും ഹാക്കിംഗുകളും രാഷ്ട്രീയത്തടവുകാരുടെ അനധികൃതമായ തടവിനും കസ്റ്റഡി മരണത്തിനും വരെ കാരണമായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍, അക്കാദമിക്, മനുഷ്യാവകാശ സംരക്ഷകര്‍, അഭിഭാഷകര്‍, ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ എന്നിവരെ നിരീക്ഷിക്കാന്‍ തീവ്രവാദത്തിനെതിരായി സര്‍ക്കാരുകള്‍ക്ക് മാത്രം വില്‍ക്കുന്ന സൈനിക നിലവാരത്തിലുള്ള സ്പൈവെയര്‍ ഉപയോഗിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയേയും കുടുംബത്തേയും പെഗാസസ് വഴി നിരീക്ഷിച്ചുവെന്നതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം ഫോണ്‍ ചോര്‍ത്തലുകളില്‍ ലിംഗസമത്വം പോലും ഹനിക്കപ്പെടുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയണമെന്ന് കത്തില്‍ പറയുന്നു. ഇതിനായി എത്ര രൂപ ചെലവഴിച്ചെന്നും ആരുടെ നിര്‍ദേശമാണ് ഇതിന് പിന്നിലെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. അരുണ റോയ്, അഞ്ജലി ഭരദ്വാജ്, ടീസ്ത സെതല്‍വാദ്, കവിത ശ്രീവാസ്തവ, അരുന്ധതി റോയ്, ടി.എം കൃഷ്ണ, കവിത കൃഷ്ണന്‍, മനോജ് ഝാ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

 

web desk 3: