X

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ചെന്നൈ: അണ്ണാഡി.എം.കെ സര്‍ക്കാറിന്റെ കാലത്ത് പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍.

മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.
പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

വടക്കന്‍ തമിഴ്നാട്ടില്‍ 22,000 ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന വ്യവസായങ്ങള്‍ കൊണ്ടുവരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെയ്യാറില്‍ 12,000 പേര്‍ക്കും ഡിണ്ടിവനത്ത് 10,000 പേര്‍ക്കും തൊഴില്‍ നല്‍കുന്ന വ്യവസായ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക.
യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നത് തമിഴ്നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി. എം. കെ സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്ന ക്ഷേത്രങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യഘട്ടമായി 100 ക്ഷേത്രങ്ങള്‍ 100 കോടി രൂപ ചെലവില്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

web desk 3: