X

ജൂലൈ ആറു വരെ യു.എ.ഇ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും: പ്രവാസികള്‍ക്ക് തിരിച്ചടി ഇടപെടാതെ സര്‍ക്കാറുകള്‍

കോഴിക്കോട്: കോവിഡിനെതിരെ ഇരട്ട ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ള വിസയുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ യു.എ.ഇ അനുമതി നല്‍കിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക സമീപനം പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ഇത്തിഹാദ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു റദ്ദാക്കി സര്‍വ്വീസ് ഉപേക്ഷിച്ചത് യു.എ.ഇയുടെ നിബന്ധനകളില്‍ ഇടപെടാനോ സൗകര്യം ഉറപ്പാക്കാനോ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്. ജൂലൈ ആറു വരെ യു.എ.ഇയിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചതോടെ ആയിരക്കണക്കിന് പ്രവാസികളുടെ ജോലി ഉള്‍പ്പെടെ പ്രതിസന്ധിയിലായി.

നേരത്തേ ഇന്നു മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഫ്‌ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ ആറു വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കി. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്നലെ മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതായി ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു.
യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച റെസിഡന്റ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് പോവാന്‍ 42 മണിക്കൂര്‍ മുമ്പ് എടുത്ത പി.സി.ആര്‍ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റിന് പുറമെ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റും നടത്തണം. ദുബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം. റസിഡന്‍സ് വിസക്കാര്‍ക്കുള്ള ഈ നിബന്ധനകളോടെയുള്ള പ്രവേശനാനുമതി സന്ദര്‍ശക വിസക്കാര്‍ക്കില്ല.

റസിഡന്‍സ് വിസയുള്ള രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 42 മണിക്കൂര്‍ മുമ്പുളള പി.സി.ആര്‍ പരിശോധന ഫലത്തിന് പുറമെ മൂന്നു മണിക്കൂര്‍ മുമ്പുളളതും വേണമെന്നതാണ് വലിയ കുരുക്കായത്. നിലവില്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിലും അത്തരം സൗകര്യം ഇല്ല. മൂന്നു മണിക്കൂര്‍ മുമ്പുള്ള പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന നിര്‍ദേശം നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയോ അത്തരം സൗകര്യം വിമാനത്താവളങ്ങളോടനുബന്ധിച്ച് സ്ഥാപിക്കുകയോ ചെയ്തില്ലെങ്കില്‍ പ്രവാസികളുടെ മടക്കം ഇനിയും നീളും. ഇതു ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ ഗുരുതരമായി പ്രവാസികളെ ബാധിക്കുമെന്നുറപ്പാണ്.ജൂലൈ ആറു വരെ യു.എ.ഇ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും

web desk 3: