X

ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കും; കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിട്ടില്ല -മന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് മുങ്ങിയ കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് അദ്ദേഹം ഇസ്രായേലില്‍ തങ്ങിയതെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കിയ വിസയായതിനാലാണ് റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. ആളെ കണ്ടെത്താനായില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായുള്ള നടപടി സ്വീകരിക്കും.

അദ്ദേഹത്തെ കാണാതായത് സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിട്ടില്ല. ബിജുവിനെക്കുറിച്ച്‌ സര്‍ക്കാറിന് ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. സുരക്ഷിതനാണ്, അന്വേഷിക്കേണ്ടതില്ല എന്ന് അദ്ദേഹം വീട്ടിലുള്ളവരെ അറിയിച്ചതായി സഹോദരന്‍ അറിയിച്ചിരുന്നു.ഒരാള്‍ യാത്രാസംഘത്തില്‍നിന്ന് മുങ്ങിയെന്ന് കരുതി കാര്‍ഷിക മേഖലയിലെ പരിഷ്കരണങ്ങള്‍ നേരിട്ടറിയാനുള്ള യാത്രകള്‍ അവസാനിപ്പിക്കില്ല.

കൃഷിരീതിയിലെ മാറ്റം പഠിക്കാന്‍ തമിഴ്നാട്ടില്‍ പോയാല്‍ പോരേ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. വൃക്ഷങ്ങള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തുന്ന രീതിയുള്‍പ്പെടെ അത്യാധുനിക കാര്‍ഷിക പരിഷ്കരണമാണ് ഇസ്രായേലില്‍ നടപ്പാക്കുന്നത്. ഇസ്രായേല്‍ കൃഷിരീതി മുതലമട ഫാമില്‍ കാര്യക്ഷമമായി ഉപയോഗിക്കാനും മെച്ചമുണ്ടാക്കാനും സാധിക്കും. സന്ദര്‍ശിച്ചവരും കാര്‍ഷിക മേഖലയിലെ വിദഗ്ധരും കര്‍ഷകരും ഒന്നിച്ചിരുന്ന് ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുമെന്ന് ആലോചിച്ച്‌ പദ്ധതികള്‍ ആസൂത്രണം ചെയ്യും.വിയറ്റ്നാം ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് കൂടുതല്‍ സംഘങ്ങളെ അയക്കും.

webdesk13: