X

അടൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം

നഗരസഭ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം. സി.പി.എം നേതാവ് എസ്. ഷാജഹാന്‍ രണ്ടാം ഘട്ടത്തില്‍ അധ്യക്ഷനാകുമെന്ന് 2020ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിനെ തുടര്‍ന്ന് ധാരണയുണ്ടായിരുന്നു.എന്നാല്‍, ഇതിനെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിഷേധം ഉയര്‍ത്തിയത്. വ്യാജരേഖ ചമച്ച കേസുകളിലും വിജിലന്‍സ് കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും ആരോപണവിധേയനായ കൗണ്‍സിലര്‍ ഷാജഹാനെ നഗരസഭ അധ്യക്ഷനാക്കാനുള്ള സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവി!!െന്റ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.

നഗരസഭയില്‍ രണ്ടര വര്‍ഷം വീതം ചെയര്‍മാന്‍ സ്ഥാനം പങ്കിടുന്നതാണ് എല്‍.ഡി.എഫിലെ മുന്‍ ധാരണ. ആദ്യ രണ്ടര വര്‍ഷം സി.പി.ഐയിലെ ഡി. സജിയാണ് അധ്യക്ഷനായത്.ഇനിയുള്ള രണ്ടര വര്‍ഷം സി.പി.എമ്മിനാണ് സ്ഥാനം. ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കെ. മഹേഷ് കുമാര്‍ എന്നിവരെയാണ് മറുവിഭാഗം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.

വിവാദ പശ്ചാത്തലമുള്ള ഷാജഹാനെ നിയമിക്കാന്‍ കഴിയില്ലെന്ന് അവര്‍ വാദിക്കുന്നു. ഷാജഹാനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും പറയുന്നു. എതിര്‍പ്പ് ശക്തമായാല്‍ ദിവ്യ റെജി മുഹമ്മദിനോ മഹേഷ് കുമാറിനോ ആകും അധ്യക്ഷ സ്ഥാനം ലഭിക്കുക.

 

webdesk12: