X

അക്ഷയ വാര്‍ഷികം: പദ്ധതി തുടക്കം കുറിച്ചവരെ മറന്ന് സര്‍ക്കാര്‍ പ്രചാരണം

അബ്ദുൽ ഹയ്യ്

മലപ്പുറം: സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാക്ഷരതക്കും ഇ-ഗവേണന്‍സ് പദ്ധതിക്കും തുടക്കം കുറിച്ച അക്ഷയ പ്രൊജക്ടിന്റെ ഇരുപതാം വാര്‍ഷികാഘോഷ പ്രചാരണത്തില്‍ നിന്ന് അക്ഷയക്ക് തുടക്കം കുറിച്ചവരെ വെട്ടിമാറ്റിയതില്‍ പരക്കെ പ്രതിഷേധം. വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ വീഡിയോയിലാണ് അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയെയും ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാടെ അവഗണിച്ചത്.

അക്ഷയ പദ്ധതിയെ കുറിച്ച് പറയുന്ന 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരിടത്തും യു.ഡി.എഫ്. നേതാക്കളായ അന്നത്തെ മുഖ്യമന്ത്രിയെയും ഐ.ടി. വകുപ്പ് മന്ത്രിയെയും കുറിച്ച് പറയുന്നില്ലെന്നതിനൊപ്പം ഉദ്ഘാടനച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നിടത്ത് എ.കെ. ആന്റണിയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും വെട്ടിമാറ്റി, പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദനെ നിലനിര്‍ത്തിയിട്ടുമുണ്ട്.
വീഡിയോയില്‍ അക്ഷയ ഡയറക്ടര്‍ക്ക് പുററെ സി.ഐ.ടി.യുവിന്റെ ഐ.ടി. വിഭാഗം ഭാരവാഹി മാത്രമാണ് സംസാരിക്കുന്നത്. അക്ഷയ സംരഭകരന്‍ എന്നതിന് പകരം അയാളുടെ സംഘടനാ പദവിയാണ് വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

വാര്‍ഷിക ദിവസം പുറത്തിറക്കിയ വീഡിയോയില്‍ അക്ഷയ പദ്ധതിയുടെ ഉദ്ഘാടനം ഡോ. എ.പി.ജെ. അബ്ദുല്‍കലാം മലപ്പുറത്ത് നിര്‍വഹിച്ചുവെന്ന ഡയറക്ടറുടെ പ്രസ്തവാനയും വിമര്‍ശനത്തിന് കാരണമായിരുന്നു. പദ്ധതി ആരംഭിച്ചത് മലപ്പുറത്താണെങ്കിലും ഉദ്ഘാടനം നടന്ന തിരുവനന്തപുരത്താണ്. ഇതേകുറിച്ചുപോലും വിവരമില്ലാത്തവരാണ് അക്ഷയ ഡയറക്ട്രേറ്റിലെന്നതാണ് വിമര്‍ശകരുടെ ആക്ഷേപം.
നവംബര്‍ 18ന് നടക്കേണ്ട വാര്‍ഷികാഘോഷം മുഖ്യമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിയതായി അറിച്ചിരുന്നു. എന്നാല്‍ മൂന്നിനും വാര്‍ഷികാഘോഷം നടന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ തെറ്റുതിരുത്തണം- ഐ.ടി. എംപ്ലോയീസ് യൂണിയന്‍

സംസ്ഥാനത്ത് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അക്ഷയയെ യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയെന്നതിനാല്‍ എന്നും അവഗണിച്ചിട്ടുള്ള ഇടതുപക്ഷം പദ്ധതിക്ക് തുടക്കം കുറിച്ചവരെ ഫോട്ടോയില്‍ നിന്നുപോലും വെട്ടിമാറ്റിയത് നീതികരിക്കാനാവില്ലെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
അതാത് കാലത്തെ ഭരണാധികാരികളെ പ്രതീപ്പെടുത്താന്‍ ഉദ്യോഗസ്ഥ വിഭാഗം നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ യോഗം തീരുമാനിച്ചു.

അക്ഷയയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷ പരിപാടികളിലും സംസ്ഥാന, ജില്ലാതലങ്ങളില്‍ പദ്ധതിയുടെ ആരംഭകാലത്ത് നേതൃത്വപരമായ പങ്കുവഹിച്ചവരെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാസിഫ് സി. ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. എ.പി. ജാഫര്‍ സാദിഖ്, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, മുട്ടം അബ്ദുല്ല എറണാംകുളം, ഇസ്മായീല്‍ കണ്ണൂര്‍, യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, സമീറ പുളിക്കല്‍ മലപ്പുറം, റിഷാന്‍ നടുവണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

web desk 3: