X

കരുതല്‍ മേഖല വിധിയിലെ അപാകത പരിശോധിക്കും :സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമാക്കിയ വിധിയിലെ അപാകതകള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂണ്‍ മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാല്‍ പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാര്‍ക്ക് വിട്ട് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അതേസമയം ഇപ്പോഴുന്നയിച്ചതടക്കമുള്ള ഒരു പരാതിയും കരുതല്‍ മേഖല വിധി പുറപ്പെടുവിക്കുന്നതിനു മുമ്ബ് ആരും സുപ്രീംകോടതിയെ ധരിപ്പിച്ചില്ലെന്ന് കേന്ദ്ര, കേരള സര്‍ക്കാറുകളെ ബെഞ്ച് വിമര്‍ശിച്ചു. ആ വിധിയിലൂടെ സുപ്രീംകോടതി നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചത് ഖനനമായിരുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ചില മേഖലകള്‍ക്ക് ഇളവ് ആവശ്യമാണെങ്കിലും കരട് വിജ്ഞാപനത്തിലെ എല്ലാ സംരക്ഷിത മേഖലകള്‍ക്കും ഇളവ് അനുവദിക്കരുതെന്ന് കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. കെ. പരമേശ്വര്‍ ആവശ്യപ്പെട്ടു. കരുതല്‍മേഖല 10 കി.മീറ്റര്‍ പരിധിയില്‍നിന്ന് ആദ്യം അഞ്ച് കിലോമീറ്ററായും ഒടുവില്‍ ഒരു കിലോമീറ്ററായും ചുരുക്കിയതും ഹരജിക്കാരുടെ ആവശ്യങ്ങള്‍ പരിശോധിച്ചശേഷം കരട് ഇളവ് അനുവദിക്കാമെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടര്‍ന്ന് മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ ഇളവ് തേടി കേന്ദ്ര, കേരള സര്‍ക്കാറുകളും വിവിധ കക്ഷികളും സമര്‍പ്പിച്ച ഹരജികള്‍ പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രംനാഥ് എന്നിവര്‍ വ്യക്തമാക്കി. മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ച് തന്നെ വേണം. ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

webdesk12: