X

 മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് മാനദണ്ഡമുണ്ടാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വേര്‍പിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം മാനദണ്ഡമാക്കി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നും കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, റെനി ആന്റണി എന്നിവരടങ്ങിയ ഫുള്‍ബെഞ്ചിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

കൊല്ലം കൊട്ടിയം സ്വദേശിനി എം. മാളവികയുടെ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. പരാതിക്കാരിയുടെ പിതാവ് ഹിന്ദു ചെറുമന്‍ വിഭാഗത്തിലും മാതാവ് ക്രിസ്ത്യന്‍ വിഭാഗത്തിലുമാണ്. പിതാവ് ഭാര്യയെയും പരാതിക്കാരിയായ മകളേയും ഉപേക്ഷിച്ചു പോയി. കീം പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചപ്പോള്‍, നിലവില്‍ പിതാവ് കൂടെയില്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി ബുക്കില്‍ ചേര്‍ത്തിട്ടുള്ള പിതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതുടര്‍ന്നാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പരാതിക്കാരി കമ്മീഷനെ സമീപ്പിച്ചത്. താന്‍ പിതാവിന്റെ മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്നും അതനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമുള്ള ആവശ്യവും റവന്യു അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു.
അമ്മയുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും പിതാവിന്റെ മതാചാര പ്രകാരം ജീവിക്കുകയാണെന്നും അമ്മ സത്യവാങ്മൂലം നല്‍കിയാല്‍ പിതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവായി.

 

web desk 3: