X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തും സര്‍വകക്ഷിയോഗത്തില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിംലീഗ്

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷയം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപെടുന്നത്. ഇത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്നതുള്‍പെടെയുള്ള നിര്‍ദേശങ്ങളുമായി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ മുസ്‌ലിം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ ആവര്‍ത്തിച്ചു.

സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റെന്തെങ്കിവും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നാക്കമായ മുസ്‌ലിം സമുദായത്തിന് നല്‍കണം, ഇതുവഴി സച്ചാര്‍ കമ്മിറ്റി സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി പുതിയതായി പ്രത്യേക ബോര്‍ഡ് ഉണ്ടാക്കണം, ആനുകൂല്യങ്ങള്‍ നൂറു ശതമാനവും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന സാഹചര്യം ഒരുക്കണം എന്നതടക്കമുള്ള പാര്‍ട്ടിയുടെ നിലപാട് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.എം) ശൂരനാട് രാജശേഖരന്‍ (ഐ.എന്‍.സി), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോഗ്രസ് എം.), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ് ജോസഫ്) അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നിവരും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

 

web desk 3: