X

അവധി കഴിഞ്ഞ് മടങ്ങി, കശ്മീരിലെത്തിയില്ല; പാലക്കാട് സ്വദേശി യുവസൈനികന്‍ കോഴിക്കോട് മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയില്‍ യുവസൈനികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് നാട്ടുകല്‍ മണലുംപുറം കൂളാകുറിശ്ശി വീട്ടില്‍ വാസുവിന്റെ മകന്‍ കെ. ബിജിതാണ്‌ (25) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കശ്മീരില്‍ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാര്‍ക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അവധികഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയതായി വീട്ടുകാര്‍ പറയുന്നു. കോഴിക്കോട്ടുനിന്നുള്ള മറ്റൊരു സൈനികനുമൊത്ത് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ പോയെന്നാണ് വിവരം. ഡല്‍ഹിയിലെത്തിയശേഷം വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കശ്മീരിലെ ക്യാമ്ബില്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്ന് ആര്‍മി ഓഫീസര്‍, ബിജിതിന്റെ ജ്യേഷ്ഠനെ വിളിച്ചുപറഞ്ഞു. ഇതോടെ, ബിജിതിനെ വീണ്ടും ഫോണ്‍ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകന് സുഖമില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുന്നതിനായി വരുന്നുണ്ടെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന്, ഫോണ്‍ സ്വിച്ച്‌ഓഫായി. പിന്നീട് ബിജിതിന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ചെറിയച്ഛന്‍ ഗോവിന്ദന്‍ പറഞ്ഞു.ബിജിത് ബുധനാഴ്ച പുലര്‍ച്ചെ 5.40-ന് കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ ഭാഗത്തുനിന്ന് ഓട്ടോയില്‍ ലോഡ്ജിലെത്തിയാണ് മുറിയെടുത്തത്. ഒറ്റയ്ക്കാണ് ലോഡ്ജിലെത്തിയത്. വ്യാഴാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഇദ്ദേഹം ഡല്‍ഹിയിലേക്കും മഹാരാഷ്ട്രയിലേക്കും സഞ്ചരിച്ചതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. 12-ന് ഡല്‍ഹിയില്‍നിന്ന് കശ്മീരിലേക്കുള്ള വിമാന ബോര്‍ഡിങ്പാസും കണ്ടെടുത്തിട്ടുണ്ട്. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ബിന്ദു. സഹോദരങ്ങള്‍: ബിപിന്‍ ദേവ്, ബിജില.

webdesk12: