X

പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുത്

 

പി.കെ നവാസ്‌

ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ന്നുപോയ ജനതയാണ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ജനത. 1956ല്‍ ഐക്യകേരളത്തിന്റെ രൂപീകരണത്തിലൂടെ മദ്രാസ് പ്രവിശ്യയില്‍നിന്ന് മലബാര്‍ കേരളത്തിന്റെ ഭാഗമായതോടെ തെക്കന്‍ കേരളത്തെ സംബന്ധിച്ച് സമസ്ത മേഖലയിലും മലബാറിന്റെ സാമൂഹികാവസ്ഥ ഏറെ പിന്നിലായിരുന്നു.

വിദ്യാഭ്യസപരമായ മുന്നേറ്റങ്ങളെ താരതമ്യംചെയ്യുമ്പോള്‍ പൊരുതിനേടിയ ഒട്ടേറെ അവകാശങ്ങള്‍ ഇന്ന് മലബാറിലുണ്ടങ്കിലും വിദ്യാര്‍ത്ഥികളുടെ പൊതുവിദ്യാഭ്യസത്തിനായുള്ള അവസരം ഇന്നും പൂര്‍ണാര്‍ത്ഥത്തില്‍ ലഭ്യമായിട്ടില്ല. 1967ല്‍ കേരള ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിംലീഗ് പ്രതിനിധികള്‍ മന്ത്രിമാരായി ചുമതലയേറ്റത് മുതലാണ് മലബാറിന്റെ വിദ്യാഭ്യസ വിപ്ലവങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. അന്ന് സപ്തകക്ഷി മുന്നണിയില്‍ പിന്തുണ നല്‍കാന്‍ ഇ. എം.എസുമായി നടത്തിയ ഉടമ്പടിയുടെ ഭാഗമായാണ് മലബാറിലെ പിന്നാക്ക പ്രദേശങ്ങളെ ചേര്‍ത്ത് മഞ്ചേരിയോ, മലപ്പുറമോ കേന്ദ്രീകരിച്ചു ജില്ല വേണമെന്നത്. കൂടുതല്‍ വിദ്യാഭ്യസ സ്ഥാപനങ്ങളും ഒരു യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കണമെന്ന് ഉന്നയിക്കുകയും ആ ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് അന്ന് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യസ മന്ത്രിയാകുന്നത്.

പണം കൊടുത്തു വിദ്യാഭ്യസം നേടിയിരുന്ന കാലത്താണ് സി.എച്ച് ഹൈസ്‌കൂള്‍ തലം വരെ സൗജന്യ വിദ്യാഭ്യസം നടപ്പിലാക്കിയത്. ആ പ്രഖ്യാപനത്തിന്റെ ഗുണം ഏറെ ലഭിച്ചത് കേരളത്തിന്റെ പിന്നാക്ക പ്രദേശമായ മലബാറിനായിരുന്നു. കാലികളെ മേച്ചും കടകളിലെ ഗ്ലാസുകള്‍ കഴുകിയും വെള്ളം കോരിയും അന്നത്തെ അന്നത്തിന്‌വേണ്ടി വിയര്‍ക്കുന്ന ബാല്യങ്ങളെ സി.എച്ച് കലാലയങ്ങളിലേക്ക് കൈപിടിച്ചു സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ വിപ്ലവങ്ങള്‍ക്ക് തിരി തെളിയിച്ചു. പുതിയ സര്‍വകലാശാല ബില്‍ കൊണ്ടുവരികയും കാലിക്കറ്റ് സര്‍വകലാശാലയും കൊച്ചിയില്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും അറബി അധ്യാപകര്‍ ഭാഷാഅധ്യാപകരായതും നാടാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ചരിത്രത്തില്‍ ആദ്യമായി യൂണിവേഴ്‌സിറ്റി സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം കൊണ്ടുവരികയും തുടങ്ങി ജോസഫ് മുണ്ടശേരിയുടെ മണ്ടന്‍ നയങ്ങള്‍ക്ക്മുന്നില്‍ പരാജയപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യസ വകുപ്പിന് കുതിപ്പിന്റെ കാലം സൃഷ്ടിച്ചു.

പിന്നീട് വന്ന സര്‍ക്കാരുകളില്‍ വിദ്യാഭ്യസ വകുപ്പ് ഏറ്റെടുത്ത മുസ്‌ലിംലീഗ് പ്രതിനിധികള്‍ മലബാറിന്റെ ഉന്നമനത്തിനും അതുവഴി കേരളത്തിന്റെ സാമൂഹിക സന്തുലനത്തിനും ഒട്ടേറെ സംഭാവനകള്‍ ചെയ്തു. 2006 ലെ ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യസ മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശേഷം മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ സര്‍വകലാശാല സ്ഥാപിച്ചത്. ഒട്ടേറെ മുന്നേറ്റങ്ങള്‍ അക്കാലത്ത് മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമായിട്ടുണ്ട്. എടുത്തുപറയേണ്ടത് മാര്‍ക്ക് സംവിധാനത്തിലൂടെ ഏറെ പ്രയാസകരമായിരുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ഗ്രേഡ് സംവിധാനം നടപ്പിലാക്കിയതിലൂടെ കേരളത്തിന്റെ വിദ്യാഭ്യസ മേഖലക്ക് ലഭിച്ചത് ഉണര്‍വ് തന്നെയായിരുന്നു. അതോടൊപ്പം സിലബസില്‍ ഐ.ടി വിദ്യാഭ്യസം കൊണ്ടുവന്നതും കാലത്തിന് മുന്നേ ഓണ്‍ലൈന്‍ വിദ്യാഭ്യസം എന്ന ആശയത്തിന് കേരളത്തില്‍ ശിലപാകിയതും ഇക്കാലത്താണ്. കാലടിയില്‍ സംസ്‌കൃത സര്‍വകലാശാലയും കൊച്ചിയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസും കൊണ്ടുവന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ പുതിയ ജാലകങ്ങള്‍ തുറന്നു കൊടുത്തു.

തുടര്‍ന്നങ്ങോട്ടും യു.ഡി.എഫ് ഭരണകാലയളവില്‍ മലബാറിന്റെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് മുസ്‌ലിംലീഗ് മന്ത്രിമാര്‍ പരിഹാരം കണ്ടുകൊണ്ടിരുന്നു. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ കാലത്തും നേടിയത് അനേക പുരോഗതികളാണ്. മുന്‍ വിദ്യാഭ്യസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയുടെ കാലത്താണ് മലബാര്‍ മേഖലക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുന്ന തരത്തില്‍ അന്ന് എല്ലാ ഹൈസ്‌ക്കൂളുകള്‍ക്കും ഹയര്‍ സെക്കണ്ടറി നല്‍കി, നിലവില്‍ ഉണ്ടായിരുന്നവയില്‍ പുതിയ ബാച്ചുകള്‍ നല്‍കി മുന്നോട്ട്‌കൊണ്ടുവന്നു. ഇതിന്റെ ഫലമായി മലപ്പുറം ജില്ലയില്‍ മാത്രമായി പുതിയ 49 സ്‌കൂളുകളെയാണ് ഹയര്‍സെക്കണ്ടറിയാക്കിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലയളവിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് വിവിധ ഘട്ടങ്ങളിലായി 50 ശതമാനത്തോളം വര്‍ധനവ് ഹയര്‍സെക്കണ്ടറി മേഖലയില്‍ കൊണ്ടുവരികയും ചെയ്തു. മാത്രമല്ല തുടര്‍വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജുകളും അനുവദിച്ചു. ഉന്നത വിദ്യാഭ്യസരംഗത്തും പൊതുവിദ്യാഭ്യാസത്തിലൂടെ മിടുക്കരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ പ്രശംസനീയമായ ശ്രമങ്ങളാണ് അന്ന് നടത്തിയത്.

എന്നാല്‍ ഇതിനിടയിലെല്ലാം നാം വിട്ടുപോകുന്നതോ, ചര്‍ച്ച ചെയ്യാതെ പോകുന്നതോ ആയ ഒരു കാലയളവ് കൂടെയുണ്ട്. അത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലയളവാണ്. എന്താണ് ഈ അസത്യ പ്രചാരകരുടെ സംഭാവനകള്‍?.
ഈ ഘട്ടത്തില്‍ മുന്നിലുള്ള പ്രതിസന്ധി മലബാര്‍ മേഖലയിലെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ സീറ്റ് ലഭ്യമല്ലാതെ പുറത്തിരിക്കുന്നതാണല്ലോ? കഴിഞ്ഞ കാലങ്ങളിലെ എല്‍.ഡി.എഫ് ഭരണകാലയളവ് പരിശോധിച്ചാല്‍ മലബാര്‍ മേഖലയുടെ പുരോഗതിക്കായി ഇവര്‍ നടത്തിയ ഏതെങ്കിലും ശ്രമങ്ങളെ കാണാനാകുന്നുണ്ടോ? 2006 ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയോട് മലബാറിലെ അവസരം നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സാഹചര്യം ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അന്ന് അദ്ദേഹം പറഞ്ഞത് ‘അവര്‍ക്ക് വേണമെങ്കില്‍ ഓപ്പണ്‍ സ്‌കീമില്‍ പഠിക്കാം’ എന്നായിരുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതിയും അവസരങ്ങളും വിവേചനങ്ങളില്ലാതെ ലഭ്യമാകുമ്പോഴാണ് അവരെല്ലാം ‘ഒരേ ജനവിഭാഗമാകുന്നത്’. എം.എ ബേബിയെപ്പോലെ എല്‍.ഡി.എഫ് സര്‍ക്കാരുകളിലെ വിദ്യാഭ്യാസ മന്ത്രിമാരെല്ലാം ഈ അനീതിക്ക്മുന്നില്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. യു.ഡി.എഫിനൊപ്പം ഇക്കാലയളവുകളില്‍ മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെ ഇവരും അഭിമുഖീകരിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇന്നും മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കും നീതിക്കായി പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും തെരുവില്‍ അവകാശങ്ങള്‍ തേടി അലയേണ്ടിവരില്ലായിരുന്നു.

ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ കണക്കും നിലവില്‍ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള സീറ്റുകളുടെ എണ്ണവും വെച്ച്‌നോക്കിയാല്‍ നാല്‍പതിനായിരം വിദ്യാര്‍ത്ഥികളാണ് പഠിക്കാന്‍ സീറ്റില്ലാതെ പുറത്താകുന്നത്. എന്നാല്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലെ ഇതേ കണക്ക് പരിശോധിച്ചാല്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവസരങ്ങള്‍ ലഭിച്ചാലും സീറ്റ് ബാക്കിയാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ അവസരം ലഭിക്കാതെ പുറത്ത്‌നില്‍ക്കുന്ന ഈ നാല്‍പതിനായിരം വിദ്യാര്‍ത്ഥികളും കേരളത്തിലെ മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.

ഈ വൈരുധ്യം അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേ തീരു. ഇനിയെങ്കിലും മുന്‍കാലങ്ങളിലെ എല്‍.ഡി.എഫ് ഭരണങ്ങളില്‍ പ്രകടമായിരുന്ന മലബാറിനോടുള്ള വേര്‍തിരിവ് അവസാനിപ്പിച്ച് എല്ലാവര്‍ക്കും അവസരമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ പ്രീഡിഗ്രിക്ക്പകരം 1998 മുതല്‍ ഹയര്‍സെക്കന്‍ണ്ടറി സംവിധാനം നിലവില്‍ വന്നത് മുതല്‍ 6 സര്‍ക്കാരുകളില്‍ 4 എണ്ണവും ഇടത് സര്‍ക്കാരുകളാണ് കേരളം ഭരിച്ചത്. കേവലം രണ്ട് തവണ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിട്ടുള്ളത്.

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലം മുതല്‍ യൂണിറ്റ് തലങ്ങള്‍ വരെ മലബാറിലെ എല്ലാ പ്രദേശങ്ങളിലും അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നിലും സമരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. വിവിധ കമ്മിറ്റികള്‍ക്ക് കീഴില്‍ വവിവിധ സമരപരിപാടികള്‍ സംഘടിപ്പിച്ചു മുന്നോട്ട്‌പോകും. മലബാറിനോട് വിവേചനം കാണിക്കുന്ന ഇടത് സര്‍ക്കാര്‍ 5 വര്‍ഷം കൂടുമ്പോള്‍ അധികാരത്തില്‍ വരാറുണ്ട്. പിന്നീട് വരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഇത്തിരിയെങ്കിലും ആശ്വാസമുണ്ടാകാറുള്ളത്. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം മലബാറിനുണ്ടാക്കാന്‍ പോകുന്ന നഷ്ടങ്ങളുടെ ബോധ്യമാണ് ശക്തമായ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രേരണയാകുന്നത്.

 

Test User: