X

അര്‍ഹതപ്പെട്ടതും തഴയുന്നു: നീതികേടില്‍ നിറഞ്ഞ് പൊലീസിലെ പ്രമോഷന്‍

 

അര്‍ഹതപ്പെട്ടത് തഴഞ്ഞ് യഥാസമയം ഉദ്യോഗ കയറ്റം നല്‍കാത്ത നീതികേടിനെതിരെ വ്യാപക മുറുമുറുപ്പ്. 2003ല്‍ പിഎസ്‌സി റാങ്ക് പട്ടികയിലൂടെ എസ്‌ഐമാരായി നേരിട്ട് നിയമനം ലഭിച്ചവരാണ് അവഗണന നേരിടുന്നത്. മൂന്ന് ബാച്ചുകളിലായി നേരിട്ട് നിയമിച്ചത് 500ഓളം എസ്‌ഐമാരെയാണ്. 17 വര്‍ഷം കഴിഞ്ഞിട്ടും ഇവരില്‍ മൂന്നിലൊന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല. ഇവരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും സര്‍വീസില്‍ കയറുമ്പോള്‍ ഉണ്ടായിരുന്ന പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ചുമതലയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

അതിനിടയില്‍ പിഎസ്‌സി പട്ടികയിലെ ആദ്യ റാങ്ക് നമ്പറില്‍ ഉള്ളവരില്‍ കുറച്ച് പേര്‍ക്ക് വേഗത്തില്‍ സിഐയും പിന്നീട് ഡിവൈഎസ്പിയുമായി സ്ഥാനക്കയറ്റം ലഭിച്ചു. ഒരേസമയം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ എസ്‌ഐ ആയും സിഐ ആയും ഡിവൈഎസ്പി ആയും വ്യത്യസ്ത ജോലി ചെയ്യേണ്ടിവരുന്നത് ഭൂരിപക്ഷം പേരിലും നിരാശക്കിടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ 17 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിഐ ആയി ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിവൈഎസ്പി റാങ്കിലെ ഹയര്‍ ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ആനുപാതികമായ സ്ഥാനക്കയറ്റം അനുവദിക്കാത്തതാണ് നിരാശയ്ക്കിടയാക്കുന്നത്.

ഹയര്‍ ഗ്രേഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ആയതിനാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിലൂടെ സര്‍ക്കാറിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ബോധ്യമായിട്ടും സേനയില്‍ ഇരട്ടനീതിയാണ്. നേരത്തെ ഉണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസ് പുന:സ്ഥാപിച്ച് സ്ഥാനക്കയറ്റം നേടുന്ന ഡിവൈഎസ്പിമാരെ അവിടെ നിയമിച്ച് രണ്ടോ മൂന്നോ സ്‌റ്റേഷനുകളുടെ സൂപ്പര്‍വൈസറി ഓഫീസറായി നിയമിച്ചാല്‍ സ്‌റ്റേഷനുകളെ മികച്ച രീതിയില്‍ മേല്‍നോട്ടം വഹിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന അഭിപ്രായവുമുയരുകയാണ്.

web desk 3: