X

പരസ്ത്രീ ബന്ധം ആരോപിച്ച്‌ മര്‍ദനം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്‌എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുണ്ടമന്‍കടവ് സ്വദേശിയായ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണത്തിനായി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിനാണ് വീട്ടിനുള്ളില്‍ പ്രകാശിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രകാശിന്റെ മരണത്തിന് പിന്നാലെ, സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് തീയിട്ടത് പ്രകാശും സുഹൃത്തുക്കളുമാണെന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയില്‍ പ്രശാന്ത് മൊഴി മാറ്റുകയും ചെയ്തു. അതേസമയം, തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്‍കി. പരസ്ത്രീ ബന്ധം ആരോപിച്ചുകൊണ്ട് പ്രകാശിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നെന്നും അതിന് പിന്നാലെ പ്രശാന്ത് ആത്മഹത്യ ചെയ്യുകായയിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

webdesk12: