X

നയന സൂര്യയുടെ ദുരൂഹ മരണം ഇനി തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം ഇനി തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം പുരോഗമിക്കുക. സൂര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടക്കത്തില്‍ അന്വേഷണം നടത്തിയ മ്യൂസിയം പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച നടന്നിട്ടുണ്ടെന്ന് ഡി സി ആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ വ്യക്തമായി.

മതിയായ തെളിവുകള്‍ പോലും ലോക്കല്‍ പോലീസ് ശേഖരിച്ചിട്ടില്ല. രോഗ മൂലമാണ് മരണപ്പെട്ടതെന്ന് യാതൊരുവിധ വിദഗ്‌ധോപദേശവും ഇല്ലാതെ എത്തിയ നിഗമനമാണ്. കുഴഞ്ഞുവീണു മരിച്ച എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. അടിവയറ്റിലെ പരിക്കും ശരീരത്തിലെ മുറിപ്പാടുകളും അധി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നയനയുടെ വസ്ത്രം അടക്കം പ്രധാന തെളിവുകളൊന്നും ഫോറന്‍സിക് ടീമിന് അയച്ചിട്ടില്ല.നയനയുടെ മുറിയിലെയും ശരീരഭാഗത്തും ഉണ്ടായിരുന്ന വിരലടയാളങ്ങള്‍ ഒന്നും തന്നെ പോലീസ് ശേഖരിച്ചിട്ടില്ല.

ആനയുടെ മുറി അകത്തുനിന്നും പൂട്ടിയതാണെന്ന പോലീസിന്റെ കണ്ടത്തലും തെറ്റാണ്. യുവതിയുടെ സാമൂഹ്യ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് നല്‍കി കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിച്ചത്.

 

webdesk12: