X

ഗർഭിണിയെ ചുമന്നെത്തിച്ച സംഭവം: അട്ടപ്പാടിയുടെ ദുരിതം ലോക്സഭയിൽ

ന്യൂഡൽഹി ∙ അട്ടപ്പാടിയിലെ ഊരുകളിൽ നിന്നു മെച്ചപ്പെട്ട റോഡ് സൗകര്യമില്ലാത്തതു കൊണ്ട് രോഗികളെയും കൊണ്ട് കിലോമീറ്ററുകൾ നടന്നിറങ്ങേണ്ട സാഹചര്യമുണ്ടെന്നു വി.കെ. ശ്രീകണ്ഠൻ എംപി ലോക്സഭയെ ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടത്തിൽ സഹായമെത്തിക്കാൻ വാഹനമോ, മെച്ചപ്പെട്ടോ റോഡ് സൗകര്യമോ ഇല്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവിഭാഗവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിൽ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ രണ്ടര കിലോമീറ്റർ കാട്ടുവഴിയിലൂടെ ചുമന്നതുൾപ്പെടെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവിടത്തെ ഊരുകളിലെ നിസ്സഹായ അവസ്ഥയും ശ്രീകണ്ഠൻ വിവരിച്ചു. 10 വർഷത്തിനിടെ 120 ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചു. കോട്ടാത്തറയിലെ ട്രൈബൽ ആശുപത്രിയിൽ സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധിയാണ്. ഇന്റർനെറ്റും മറ്റും ഇല്ലാത്തതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.

നേരത്തെ, തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ ഇവർക്കു 200 തൊഴിൽ ദിനം കിട്ടിയിരുന്ന സ്ഥാനത്ത് 100 പോലും കിട്ടാത്ത അവസ്ഥയുണ്ട്. പോഷകാഹാരക്കുറവും ഗുരുതര സ്ഥിതിയാക്കുന്നു. സാമൂഹിക അടുക്കളകളും നിന്നു പോയി. സ്ഥിരം കെട്ടിടം ഇല്ലാത്ത 30 അങ്കണവാടികളും മേഖലയിലുണ്ട്– ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. ഭവാനിപ്പുഴയ്ക്കു കുറുകെ പാലം നിർമിച്ചു സമീപത്തെ ഊരുകളിലേക്ക് റോഡുകൾ നിർമിക്കാതെ ഗതാഗത സ്ഥിതി മെച്ചപ്പെടില്ലെന്നും ഇതിനു സർക്കാർ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

web desk 3: