X

ഖത്തറും ജപ്പാനും പരസ്പര വിസ ഒഴിവാക്കുന്നു

വിസ ഒഴിവാക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പിട്ട് ജപ്പാനും ഖത്തറും. ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും.ധാരണപത്ര കൈമാറ്റത്തില്‍ ഖത്തറിനുവേണ്ടി ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് റഫിയ അല്‍ ഇമാദിയും ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി നാഗോക്ക കന്‍സുകെയും ഒപ്പുവെച്ചു. ടോക്യോയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് ഇരുവരും ധാരണാപത്രം കൈമാറിയത്.

30 ദിവസത്തില്‍ കുറഞ്ഞ കാലത്തേക്ക് ജപ്പാന്‍ സന്ദര്‍ശിക്കുന്ന ഖത്തരി പൗരന്മാര്‍ക്ക് ഏപ്രില്‍ രണ്ടുമുതല്‍ വിസയില്ലാതെ അവിടേക്ക് യാത്ര തിരിക്കാം. ഏതെങ്കിലും ജാപ്പനീസ് എംബസിയിലോ കോണ്‍സുലേറ്റിലോ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം വിസ ലഭിക്കാതെ ജപ്പാനിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്.വിസ ആവശ്യകതകള്‍ ഒഴിവാക്കുന്നതിനായി ഖത്തര്‍ പൗരന്മാര്‍ക്ക് മൂന്നു വര്‍ഷം സാധുതയുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും.

2023 ജനുവരി 31ന് ടോക്യോയില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, ജപ്പാന്‍ വിദേശകാര്യ മന്ത്രി ഹയാഷി യോഷിമസ എന്നിവരുടെ അധ്യക്ഷതയില്‍ നടന്ന ഖത്തര്‍-ജപ്പാന്‍ നയതന്ത്ര സംഭാഷണങ്ങളുടെ രണ്ടാം റൗണ്ടിലാണ് ഈ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ധാരണാപത്രങ്ങളുടെ കൈമാറ്റത്തിന് ധാരണയായത്.

webdesk12: