X

റിയാദിൽ 30 വൻകിട പദ്ധതികൾ മെട്രോ മാർച്ചിൽ തുടങ്ങും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ലോകത്തെ ബ്രഹത്തായ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോ മാർച്ച് അവസാന വാരം പ്രവർത്തനമാരംഭിക്കുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി ഇ ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്‌സിൻ അൽ റാഷിദ് അറിയിച്ചു. മെട്രോയുടെ ഭാഗമായുള്ള ബസ് സർവീസുകളാണ് ആദ്യം ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. മെട്രോയുടെ നിർമ്മാണ സിവിൽ തലങ്ങളിലുള്ള ജോലികൾ പൂർണ്ണമായും പൂർത്തീകരിച്ചു കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഏതാണ്ട് പൂർത്തിയായി . കഴിഞ്ഞ വർഷം ആദ്യത്തിൽ ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷെ കോവിഡ് വ്യാപനം മൂലം കാലതാമസം നേരിടുകയായിരുന്നു.

184 ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുക. ഇവ വിവിധ ട്രാക്കുകളായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. കൺട്രോൾ സെന്ററുകളുടെ കാര്യക്ഷമതയും സുസജ്ജതയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി. ആറ് ട്രാക്കുകളിലായി 350 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതയിൽ സർവീസ് നടത്തുന്ന മെട്രോയിൽ 84 സ്റേഷനുകളാണുണ്ടാവുക. സ്റ്റേഷനുകളുടെ നിർമ്മാണം പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.

മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്‌റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും. മാസങ്ങൾക്ക് മുമ്പേ ഓടി തുടങ്ങിയ ബസ് സർവീസ് ഔദ്യോഗികമായ തുടക്കമാണ് മാർച്ചിൽ ഉണ്ടാവുക. മെട്രോ പൂർണ്ണാർത്ഥത്തിൽ നടപ്പാകുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കുകൾക്ക് പരിഹാരമാകാനും കാർബൺ ബഹിർഗമനം മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനും സാധിക്കും.

2030 വിഷന്റെ ഭാഗമായി സഊദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ മുപ്പതിലേറെ വൻകിട പദ്ധതികളാണ് നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്ക് പദ്ധതിയായ കിംഗ് സൽമാൻ പാർക്ക് , ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകുന്ന കിംഗ് സൽമാൻ അന്താരാഷ്‌ട്ര വിമാനത്താവളം, ഖിദിയ, ദരയ്യ ഗേറ്റ്, റിയാദ് ഗ്രീൻ, സ്പോർട്സ് ട്രാക്ക്, റിയാദ് ആർട്ട്, മെട്രോ, പൊതുഗതാതപദ്ധതി തുടങ്ങി മുപ്പതിലേറെ വൻ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ റിയാദ് നഗരം ലോകത്തിലെ ഏറ്റവും വലിയ പത്ത് പട്ടണങ്ങളിൽ ഒന്നായി മാറും .

webdesk12: