X
    Categories: CultureMoreViews

രാജ് താക്കറെയുടെ ജന്‍മദിനം: മഹാരാഷ്ട്രയില്‍ പെട്രോള്‍ വിലയില്‍ ഒമ്പത് രൂപ വരെ കുറവ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്‍മദിനത്തിന് മഹാരാഷ്ട്രയില്‍ ഇന്ധനവിലയില്‍ ഒമ്പത് രൂപ വരെ കുറവ്. രാജ്താക്കറെയുടെ 50-ാം ജന്‍മദിനമാണ് ഇന്ന്. തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ അവസരം മുതലാക്കാന്‍ ഈ പമ്പുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്കവരും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാണ് സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്നത്.

പെട്രോള്‍ വില കുത്തനെ കൂടിയ ഇന്നത്തെ അവസ്ഥയില്‍ ഈ ഇളവ് വലിയ ആശ്വാസമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വിലക്കുറവിന്റെ ആനുകൂല്യം ലഭ്യമാവുക. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരാണ് പെട്രോള്‍ വില കുറച്ച് നല്‍കുന്ന പമ്പുകളില്‍ മേല്‍നോട്ടം വഹിക്കുന്നത്. വിലക്കുറവില്‍ നല്‍കുന്ന പെട്രോളിന്റെ അളവ് വിവരങ്ങള്‍ എഴുതി സൂക്ഷിച്ച് വൈകുന്നേരം ഇളവ് നല്‍കിയ തുക പമ്പുകള്‍ക്ക് നല്‍കുകയാണ് ചെയ്യുക.

മഹാരാഷ്ട്രയില്‍ ഇന്നത്തെ പെട്രോള്‍ വില 84.26 രൂപയാണ്. അടുത്തകാലത്തുണ്ടായ ഭീമമായ പെട്രോള്‍ വിലയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാണെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. രാജ് താക്കറെയെപ്പോലുള്ള പ്രധാനമന്ത്രി മോദിയും പെട്രോള്‍ വിലയില്‍ കുറവ് വരുത്തി തങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് കരുതുന്നതെന്ന് ചിലര്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: