X

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ റെയ്ഡ്: മൂന്നു ഫലസ്തീനികളെ വെടിവെച്ച് കൊന്നു

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ രഹസ്യ റെയ്ഡില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേരെ വെടിവെച്ച് കൊന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലാണ് ഇസ്രാഈല്‍ സൈനിക സംഘം രഹസ്യ റെയ്ഡ് നടത്തിയത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആദം യാസര്‍ അലവി (23), തയ്സീര്‍ ഇസ്സ (32), എന്നിവരെയും ജമില്‍ അല്‍ അമുരിയെന്ന യുവാവിനെയുമാണ് കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര പരിക്കേറ്റ പലസ്തീന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ബസോറിനെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയ്ഡില്‍ വിസാം അബു സൈദ് എന്ന ഫലസ്തീന്‍കാരനെ ഇസ്രാഈല്‍ സേന അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകങ്ങളെ തുടര്‍ന്ന് ഫലസ്തീന്‍ പട്ടണങ്ങളില്‍ പൊതുപണിക്കിന് ആഹ്വാനം ചെയ്തിരുന്നു. ആയിരങ്ങളാണ് വിലാപ യാത്രകളില്‍ പങ്കുചേര്‍ന്നത്. ഇസ്രാഈല്‍ ആക്രമണത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. അപകടകരമായ ഇസ്രാഈലി അധിനിവേശമെന്നാണ് മഹ്മൂദ് അബ്ബാസ് സംഭവത്തെ വിശേഷിപ്പിച്ചത്. റെയ്ഡിനിടെ ഫലസ്തീനികളായി വേഷം മാറിയെത്തിയ ഇസ്രാഈല്‍ പ്രത്യേക സേനാംഗങ്ങളാണ് മൂന്നു പേരെയും കൊലപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹവും അമേരിക്കയും ഇടപെടണമെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബില്‍ അബു റുദൈന ആവശ്യപ്പെട്ടു.

web desk 3: