X

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് 2 ജവാന്മാര്‍ മരിച്ചു

ഗാന്ധിനഗര്‍: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് അര്‍ദ്ധസൈനിക ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.ഗുജറാത്തിലെ പോര്‍ബന്ധറില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഗുജറാത്തില്‍ എത്തിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐ ആര്‍ ബി) സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.എകെ 47 തോക്ക് വച്ചുള്ള ആക്രമണത്തില്‍ തോയ്ബ സിംഗ്, ജിതേന്ദ്ര സിംഗ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.

കോണ്‍സ്റ്റബിള്‍ എസ് ഇനൗച്ചസിംഗ് ആണ് സൈനികരെ ആക്രമിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍മാരായ ഛോര ജിത്ത്, രോഹികാന എന്നിവര്‍ക്ക് ആദ്യം പോര്‍ബന്ധറിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജാംനഗറിലെ ആശുപത്രിയിലേയ്ക്കും മാറ്റി. ഒരാള്‍ക്ക് വയറിലും മറ്റൊരാള്‍ക്ക് കാലിലുമാണ് വെടിയേറ്റത്.

മണിപ്പൂരില്‍ നിന്നുള്ള സി ആര്‍ പി എഫ് ഉദ്യാഗസ്ഥരാണ് ഇവര്‍.ആക്രമണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഗുജറാത്ത് പൊലീസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോര്‍ബന്ധറില്‍ ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

web desk 3: