X

കായംകുളം നഗരത്തില്‍ വ്യാപക മോഷണം നടത്തിയ പ്രതി പിടിയില്‍

മാസങ്ങള്‍ക്ക് മുന്‍പ് കായംകുളം നഗരത്തില്‍ നടന്ന വ്യാപക മോഷണത്തില്‍ പ്രതി പിടിയില്‍. കായംകുളം സെന്റ് ബേസില്‍ മലങ്കര സിറിയന്‍ കാത്തലിക് ചര്‍ച്ച്, സമീപത്തെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് കിള്ളിയൂര്‍ പുല്ലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശെല്‍വരാജ് എന്ന 43കാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു മോഷണം നടന്നത്. പള്ളിയുടെ വാതിലിന്റെ പാളി പൊളിച്ച് അകത്തുകയറി വഞ്ചികുറ്റിയില്‍ നിന്നും 3000 രൂപയുടെ നാണയങ്ങളും നോട്ടുകളും മോഷ്ടിച്ച ഇയാള്‍ അന്നേ ദിവസം തന്നെ കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഓഫീസ് കെട്ടിടത്തിന്റെ ഓടാമ്ബല്‍ തകര്‍ത്ത് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 19,690 രൂപയും, 7500 രൂപ വീതം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പഠനകാലത്ത് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി വാങ്ങി നല്‍കിയ ഫോണുകളാണ് മോഷണം പോയത്.ഗവണ്‍മെന്റ് എല്‍പിഎസിലെ ഓഫീസ് അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്‌കൂള്‍ ബസ്സിന്റെ ആര്‍ സി ബുക്കും കാണാതായിരുന്നു. ക്ലാസ് മുറികളുടെയും മറ്റ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകള്‍ മോഷ്ടാവ് കൊണ്ടുപോയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് ശെല്‍വരാജ്. അതിനാല്‍ തന്നെ എവിടെയും സ്ഥിരമായി നില്‍ക്കുന്ന ശൈലിയില്ല. മോഷണത്തെത്തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചിരുന്നു.

നിരവധി സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തിവരവേയാണ് ഇയാള്‍ മോഷണ കേസില്‍ തിരുവല്ല പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ കായംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

web desk 3: