X

ട്വിറ്റര്‍, ഫേസ്ബുക്ക്, ആമസോണിന് ശേഷം ഗൂഗിളിലും പിരിച്ചുവിടലുകള്‍

വാഷിംഗ്ടണ്‍: മെറ്റാ, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങി നിരവധി വന്‍കിട ടെക് കമ്പനികള്‍ക്ക് പിന്നാലെ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്.10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിടലിന്റെ കാരണം ഇതുവരെ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. പിരിച്ചുവിടുന്ന 10,000 പേര്‍ ആല്‍ഫബെറ്റിന്റെ മൊത്തം ജീവനക്കാരുടെ ആറ് ശതമാനമായിരിക്കും. ജീവനക്കാര്‍ക്കായി ഗൂഗിള്‍ പുതിയ റാങ്കിംഗും പ്രകടന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.പുതുവര്‍ഷം മുതല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഈ പുതിയ സംവിധാനം ഉപയോഗിക്കുമെന്നാണ് വിവരം.

ജീവനക്കാരുടെ ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കണക്കാക്കുന്നതിനും ഇത് മാനദണ്ഡമാക്കിയേക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാന്‍ കമ്പനി 60 ദിവസത്തെ സമയം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണക്കനുസരിച്ച്, ആല്‍ഫബെറ്റിലെ ആകെ ജീവനക്കാരുടെ എണ്ണം 1.87 ലക്ഷമാണ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം, ആല്‍ഫബെറ്റ് തങ്ങളുടെ ഒരു ജീവനക്കാരന് ശമ്ബള അലവന്‍സുകളുടെ രൂപത്തില്‍ ശരാശരി 2,95,884 ഡോളര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം ജോലി വെട്ടിക്കുറച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ കമ്പനിയുടെ ശേഷി 20 ശതമാനം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ആല്‍ഫബെറ്റ് മൂന്നാം പാദത്തില്‍ 13.9 ബില്യണ്‍ ഡോളര്‍ ലാഭം നേടി. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം കുറവാണിത്. ദുര്‍ബലമായ സമ്ബദ്വ്യവസ്ഥയും പ്രവചിക്കപ്പെടുന്ന സാമ്ബത്തിക മാന്ദ്യവും കണക്കിലെടുത്താണ് ടെക് കമ്പനികള്‍ വലിയ തോതില്‍ പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുന്നത്.

web desk 3: