X
    Categories: indiaNews

ശരിയായ കണക്ക് ഏത്; തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ചവരില്‍ മരിച്ചത് മൂന്നു പേരെന്ന് യു.പി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകരും അനധ്യാപകരുമടക്കം നിരവധി പേര്‍ മരിച്ചതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയതിന് പിന്നാലെ ഇതിനെ ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശീയ പ്രാഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സംഘടനയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രംഗത്തെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി നിയോഗിച്ച മൂന്ന് അധ്യാപകര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രാഥമിത വിദ്യാഭ്യാസ കൗണ്‍സില്‍ പറയുന്നത്.

ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും യു.പി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, രോഗബാധയേറ്റ് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നെന്നായിരുന്നു അധ്യാപക സംഘടനയുടെ ആരോപണം. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടന ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് യു.പിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായത്. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഹരജിയും നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതിനാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും മരണകാരണവും ചേര്‍ത്ത് വിശദമായ കണക്കാണ് സംഘടന സര്‍ക്കാരിനു നല്‍കിയത്.

1332 അധ്യാപകര്‍, 209 ശിക്ഷാ മിത്രങ്ങള്‍ (സഹ അധ്യാപകര്‍), 25 അനുദേശകര്‍ (ഇന്‍സ്ട്രക്ടര്‍മാര്‍), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍മാര്‍, 15 ക്ലര്‍ക്കുമാര്‍, 35 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശര്‍മ സര്‍ക്കാരിനു നല്‍കിയത്. ഏപ്രില്‍ ആദ്യവാരം മുതല്‍ മേയ് 16 വരെ മരിച്ചവരാണ് ഇവര്‍. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് യു.പി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യത്തിനു ടെസ്റ്റുകള്‍ നടത്തുന്നില്ലെന്നും കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നും പ്രതിപക്ഷ കക്ഷികളെല്ലാം ആരോപിക്കുന്നന്നതിനിടെയാണ് ബി.ജെ.പിയുടെ തന്നെ അധ്യാപക സംഘടന ഇത്തരമൊരു ആരോപണം ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്.

web desk 3: