X
    Categories: MoreViews

ബ്രൂമിന്റെ സെഞ്ച്വറിയുടെ മികവില്‍ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം

സെഞ്ച്വറി നേടിയ നീല്‍ ബ്രൂമിന്റെ ആഹ്ലാദം

ഓവല്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം. 67 റണ്‍സിനാണ് കിവികള്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 184ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെ 251ല്‍ ഒതുക്കി ബൗളര്‍മാര്‍ മിടുക്ക് കാണിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാറ്റ്‌സ്മാന്മാര്‍ ചതിച്ചു.

എത്തിപ്പിടിക്കാവുന്ന സ്‌കോറിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ മികച്ച പൊസിഷനില്‍ എത്തിയെങ്കിലും പിന്നീട്‌ തകരുകയായിരുന്നു. ആദ്യ വിക്കറ്റ് 30ന് വീണതിന് പിന്നാലെ 105ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 184ന് പുറത്തായത്. 79 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. 59 റണ്‍സെടുത്ത ഇംറുല്‍ കയീസിന് മാത്രമെ തിളങ്ങാനായുള്ളൂ. സാബിര്‍ റഹ്മാന്‍ 38 റണ്‍സ് നേടി. കെയിന്‍ വില്യംസണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നീല്‍ ബ്രൂമിന്റെ സെഞ്ച്വറിയുടെ(109)മികവിലാണ് ന്യൂസിലാന്‍ഡ് പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. ലൂക്ക് റോഞ്ചി 35ഉം ടോം ലാഥം 22 റണ്‍സും നേടി. മശ്‌റഫെ മുര്‍താസ മൂന്നും തസ്‌കിന്‍ അഹമ്മദ് ഷാക്കിബ് അല്‍ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബ്രൂമാണ് മാന്‍ഓഫ് ദമാച്ച്. ആദ്യ ഏകദിനത്തിലും ന്യൂസിലാന്‍ഡാണ് ജയിച്ചത്. ഇതോടെ മൂന്ന് ഏകദിന പരമ്പര ന്യൂസിലാന്‍ഡ് 2-0ത്തിന് സ്വന്തമാക്കി. അവസാന ഏകദിനം ശനിയാഴ്ച നടക്കും.

chandrika: