X

നോട്ട് നിരോധനത്തിന് പിന്നാലെ ചെക്ക് ബുക്കും നിരോധിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ വട്ടം കറങ്ങുന്നതിനിടെ മോദി സര്‍ക്കാര്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയാറെടുക്കുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബാങ്കുകളുടെ ചെക്ബുക്കുകള്‍ നിരോധിക്കാനായി സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കോടി കണക്കിന് ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കള്ളപ്പണം പിടിച്ചെടുക്കാനുമെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയതിനു പിന്നാലെയാണ് വിവാദമായ മറ്റൊരു തീരുമാനത്തിന് കൂടി സര്‍ക്കാര്‍ തയാറെടുക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സമീപ ഭാവിയില്‍ തന്നെ കേന്ദ്രം ചെക്ക് ബുക്കുകള്‍ പിന്‍വലിച്ചേക്കുമെന്ന് വ്യാപാരികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ഡേവാല്‍ പറഞ്ഞു.
സി.എ.ഐ.ടിയും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കിയ ഡിജിറ്റല്‍ രഥിന്റെ ലോഞ്ചിങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് എത്തിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ ഇല്ലാതാക്കാന്‍ തയാറെടുക്കുന്നത്. നിലവില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് വെറും അഞ്ച് ശതമാനം മാത്രമാണ്.
95 ശതമാനം ആളുകളും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനാണെന്ന് കണ്ഡേല്‍വാല്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ ബാങ്കുകളും ചെക്ക് ബുക്കുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബാങ്കുകളില്‍ന ിന്ന് ഒരു വര്‍ഷം രണ്ടു ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിക്കുമായിരുന്നത് ഒരെണ്ണമാക്കി വെട്ടിചുരുക്കി.
ഒന്നില്‍ കൂടുതല്‍ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ പണം അടയ്ക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ആദ്യ നടപടിയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ നോക്കി കാണുന്നത്. നോട്ടുനിരോധനത്തിന് പിന്നാലെ നോട്ടുക്ഷാമം ഉണ്ടായപ്പോള്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ചെക്കുകളെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു. കറന്‍സി അച്ചടിക്കായി സര്‍ക്കാര്‍ 25000 കോടി രൂപയും സുരക്ഷക്കും മറ്റുമായി 6000 കോടി രൂപയും ചെലവിടുന്നുണ്ട്.
ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് ഒരു ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് രണ്ട് ശതമാനവും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായി ബാങ്കുകള്‍ക്ക് സബ്‌സിഡി നല്‍കുകയാണെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കു മേല്‍ ചുമത്തുന്ന അധിക പണം ഒഴിവാക്കാനാവുമെന്നും കണ്ഡേവാല്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യത്തെ 95 ശതമാനം ഇടപാടുകളും കറന്‍സി, ചെക്ക് ഇടപാടുകളാണ്. നോട്ട് അസാധുവാക്കലിന് ശേഷം കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറഞ്ഞതോടെ ചെക്ക് വഴിയുള്ള ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷവും ഡിജിറ്റല്‍ ഇടപാടിന് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ ഇടപാട് 31 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് മുമ്പ് 100 ഡിജിറ്റല്‍ ഇടപാട് നടന്നിരുന്നത് ഒരു ഘട്ടത്തില്‍ 300 വരെ ആയിരുന്നെങ്കിലും ഇപ്പോള്‍ 180-190 എന്ന നിലയിലാണ്.
ഈ സാമ്പത്തിക വര്‍ഷാവസാനം 2500 കോടി ഡിജിറ്റല്‍ പേമെന്റുകള്‍ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് എത്താനാവില്ലെങ്കിലും ഇതിലേക്ക് അടുപ്പിക്കുന്നതിനായാണ് ചെക് ബുക്കുകള്‍ നിരോധിക്കുന്നതെന്നാണ് സൂചന.

chandrika: