X

നെയ്മര്‍ ഗോളില്‍ ബാഴ്‌സയ്ക്ക് ജയം

ബാഴ്‌സലോണ: സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ നേടിയ ഏക ഗോളിന് ബാഴ്‌സലോണ റിയല്‍ സോസിദാദിനെ കീഴടക്കി. ഒന്നാം പകുതിയുടെ 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മര്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്. 11 മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്കു ശേഷം തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് നെയ്മര്‍ ഗോള്‍ സ്വന്തമാക്കുന്നത്. 2007നു ശേഷം സോസിദാദിന്റെ തട്ടകത്തില്‍ ബാഴ്‌സ നേടുന്ന ആദ്യ ജയമാണിത്. സോസിദാദിന്റെ ഹോം ഗ്രൗണ്ടായ അനേറ്റയില്‍ നടന്ന കഴിഞ്ഞ എട്ടു മത്സരങ്ങളിലും ബാഴ്‌സക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദം അടുത്ത വ്യാഴാഴ്ച്ച ബാഴ്‌സയുടെ ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ നടക്കും. കഴിഞ്ഞ രണ്ട് കിങ്‌സ് കപ്പ് കിരീടങ്ങളും നേടിയ ബാഴ്‌സ ഹാട്രിക് ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. അനേറ്റയില്‍ സോസിദാദിനെതിരെ വിജയം നേടുക എന്നത് ഏറെ ദുഷ്‌കരമാണ്. ഇത്തവണ ടീം എല്ലാ അര്‍ത്ഥത്തിലും മികവ് പ്രകടിപ്പിച്ചെന്നായിരുന്നു മത്സര ശേഷം ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വയുടെ പ്രതികരണം. പന്ത് ഏറിയ സമയവും കൈവശം വെച്ച സോസിദാദിന് ബാഴ്‌സയുടെ പ്രതിരോധം മറികടക്കാനായില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഐബറിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് സെമി പ്രതീക്ഷകള്‍ സജീവമാക്കി. 29-ാം മിനിറ്റില്‍ ജോസ് മരിയ ഗിമനസ് എടുത്ത ഫ്രീകിക്കില്‍ നിന്നും അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ 60-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം എയ്ഞ്ചല്‍ മാര്‍ട്ടിന്‍ കൊറിയ രണ്ടാം ഗോളും നേടി. എട്ട് മിനിറ്റിന് ശേഷം ഗ്രീസ്മാന്റെ പാസില്‍ നിന്നും കെവിന്‍ ഗമീറോ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

chandrika: