X
    Categories: indiaNews

ആറു സംസ്ഥാനങ്ങളിലെ പി.എഫ്.ഐ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ആറു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹിയില്‍ ഷഹീന്‍ബാഗ് ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ്. തമിഴ്‌നാട്ടില്‍ പത്തിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

മധുരയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ നിരവധി പേരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ വക്രോളി മേഖലയിലാണ് പരിശോധന നടക്കുന്നത്.

2006ലെ ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട വാഹിദ് ഷെയ്ക്കിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്.
രാജസ്ഥാനിലെ ടോങ്ക്, കോട്ട, ഗംഗാപുര്‍ എന്നീ മേഖലകളിലാണ് പരിശോധന. തമിഴ്‌നാട്ടില്‍ മധുര, ചെന്നൈ, ഡിണ്ടിഗല്‍, എന്നീ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്.

കേരളത്തില്‍ പിഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി എന്‍ഐഎ സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. 2022 സെപ്റ്റംബര്‍ 28നാണ് പിഎഫ്‌ഐയെ നിരോധിത സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനുപിന്നാലെയാണ് രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചത്.

 

webdesk13: