X

സ്വര്‍ണക്കള്ളക്കടത്ത് കേസ്; മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യും

ഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉടന്‍ ചോദ്യം ചെയ്യും. എന്‍ഐഎ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ആണ് ഈ ഈ കാര്യം സ്ഥിരീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി ഫോണില്‍ ബന്ധപ്പെടാനുണ്ടായ സാഹചര്യങ്ങളും ജലീലില്‍ നിന്ന് സംഘം ചോദിച്ചറിയും.

മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് മന്ത്രി ജലീലിനെ ചോദ്യംചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകള്‍ സ്വന്തം മണ്ഡലത്തില്‍ എത്തിച്ചത്, ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചത്, സ്വര്‍ണക്കടത്തുമായുള്ള ബന്ധം എന്നീ കാര്യങ്ങള്‍ വിശദമായി ചോദ്യം ചെയ്യും. ഈ ആഴ്ച അവസാനമോ, അടുത്ത ആഴ്ച ആദ്യമോ ചോദ്യം ചെയ്യും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി കൂടി അടിസ്ഥാനപ്പെടുത്തിയാകും ചോദ്യം ചെയ്യുക.

കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ കോണ്‍സുലേറ്റ് 8000 മതഗ്രന്ഥങ്ങള്‍ എത്തിച്ചവിവരം പ്രോട്ടോകോള്‍ ഓഫീസിനെ അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇഡി ഓഫീസില്‍ ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. എന്നാല്‍ തലേദിവസവും രാത്രി 7.30 മുതല്‍ 12 മണിവരെ ചോദ്യം ചെയ്തിരുന്നതായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇഡി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസങ്ങളിലായി മന്ത്രിയെ ഏതാണ്ട് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് വിവരം.

web desk 3: