X

നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മയ്യിത്ത് ഖബറടക്കി

തെരുവ് നായക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോട്ടത്തിനു ശേഷം ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിയത്. ജനബാഹുല്യം കാരണം തൊട്ടടുത്ത ജുമാ മസ്ജിദ് മുറ്റത്തേക്ക് പൊതുദര്‍ശനം മാറ്റി. തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ഖബറടക്കി. പിതാവ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായി വിമാനം ലഭിക്കാത്തതിനാല്‍ യാത്ര വൈകി. ഇതോടെ ഉച്ചയോടെ ഖബറടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നിഹാല്‍ നൗഷാദ് എന്ന 11കാരന് തെരുവുനായ ആക്രമത്തില്‍ ദാരുണമായി മരണപ്പെട്ടത്.അതേസമയം നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റു. സംഭവത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടിയത്. പടിയൂര്‍ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചത്.

ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

webdesk11: