X

നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിച്ചത് ഇടതുസര്‍ക്കാര്‍; സര്‍വേക്ക് അനുമതി നല്‍കാമെന്ന കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്ത്

മലപ്പുറം: കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരുമാണെന്നും ഇതു സംബന്ധിച്ച ഉദ്യോഗസ്ഥതല യോഗത്തില്‍ പാത വേണ്ട എന്ന സമീപനമാണ് കേരളം സ്വീകരിച്ചതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. കര്‍ണാടക വനമേഖലയിലൂടെ തുരങ്കപാതയെങ്കില്‍ അനുമതി നല്‍കാമെന്ന് കാണിച്ച് കര്‍ണാടക വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിജയകുമാര്‍ ഗോകി 2017 നവംബര്‍ 8ന് കേരള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ പകര്‍പ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കും നല്‍കി. എന്നാല്‍ കര്‍ണാടക അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും തുടര്‍നടപടികളെടുക്കാതെ നിലമ്പൂര്‍-നഞ്ചന്‍കോട് പാത, സ്വപ്‌ന പാത അട്ടിമറിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്.

നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ സര്‍വേ എങ്ങുമെത്താതിരുന്ന സാഹചര്യത്തില്‍ 2017 മെയ് 26ന് അന്നത്തെ കര്‍ണാടകമുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എം.പിമാരായ കെ.സി വേണുഗോപാല്‍, എം.ഐ ഷാനവാസ്, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുള്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ താനും അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ താല്‍പര്യത്തിന് എതിരു നില്‍ക്കില്ലെന്നും പദ്ധതിക്കായി ഉന്നതതല യോഗം വിളിക്കാമെന്നും സിദ്ധാരാമയ്യ ഉറപ്പു നല്‍കിയിരുന്നു. അന്നത്തെ കര്‍ണാടക ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു സിദ്ധാരാമയ്യയുമായുള്ള ചര്‍ച്ച. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു.

ഈ ചര്‍ച്ചകളുടെ ഗുണഫലമായാണ് പാത കര്‍ണാടകയിലെ വനമേഖലയിലൂടെ തുരങ്കത്തിലൂടെയാണ് പോകുന്നതെങ്കില്‍ സര്‍വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കര്‍ണാടകക്ക് സമ്മതമാണെന്ന് രേഖാമൂലം കേരളത്തെ അറിയിച്ചത്. എന്നാല്‍ കര്‍ണാടകയുടെ അനുകൂല തീരുമാനം പ്രയോജനപ്പെടുത്താതെ തലശേരി- മൈസൂര്‍ പാതക്കായി ഇടതു സര്‍ക്കാര്‍ നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം ചെലവ് വഹിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് സമ്മതിച്ച ഏക പദ്ധതിയായിരുന്നു നിലമ്പൂര്‍- നഞ്ചന്‍കോട് പാത. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവും റെയില്‍വെയുടെ ഏകാംഗകമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു.

ശ്രീധരന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 236 കിലോ മീറ്റര്‍ എന്നതിനു പകരം 162 കിലോ മീറ്ററില്‍ പാതയുടെ പണി തീര്‍ക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂ എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി കേരളത്തിനും 49 ശതമാനം ഓഹരി കേന്ദ്രത്തിനും ആയിരിക്കുമെന്നും എം.ഡിയെ നിയമിക്കാനുള്ള അധികാരം കേരളത്തിനും കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും തീരുമാനമെടുത്തു. ഇത് റെയില്‍ അംഗീകരിക്കുകയും നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ബജറ്റില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി യു. ഡി.എഫ് സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചു. വിശദ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഡി.എം. ആര്‍.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും പ്രാരംഭ ചെലവുകള്‍ക്കായി 2 കോടി അനുവദിക്കുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫ് മാറി ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പദ്ധതി ബോധപൂര്‍വം അട്ടിമറിക്കപ്പെട്ടുവെന്നും ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

web desk 3: