X

മുഖ്യമന്ത്രിയാകാന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍; ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധി

പട്‌ന: മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. പട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ആരാണ് മുഖ്യമന്ത്രിയാകുക എന്ന ചോദ്യത്തിന് താന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും എന്‍ഡിഎ തീരുമാനമെടുക്കുമെന്നും നിതീഷ് മറുപടി നല്‍കി.

തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അടുത്ത ആഴ്ച താന്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും ബിഹാര്‍ മുഖ്യമന്ത്രി തള്ളി. തെരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ വിശകലനം ചെയ്യുകയാണ്. നാല് പാര്‍ട്ടികളിലെ അംഗങ്ങള്‍ ഇന്ന് കൂടിച്ചേരും’ നിതീഷ് കുമാര്‍ പറഞ്ഞു.

അതേ സമയം അടുത്ത ആഴ്ച നിതീഷ് കുമാര്‍ തുടര്‍ച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ചയിലെ ഏത് ദിവസമാണെന്ന് തീരുമാനിച്ചിട്ടില്ല.

സീറ്റ് നിലയില്‍ ആര്‍ജെഡിക്കും ബിജെപിക്കും പിന്നിലായി മൂന്നാമതാണ് ജെഡിയു. അതുകൊണ്ട് തന്നെ നിതീഷിന് മുഖ്യമന്ത്രിയാകുന്നതില്‍ ധാര്‍മികതയില്ലെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളും ഇത്തരം പ്രസ്താവനകള്‍ നടത്തുകയുണ്ടായി. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം നിതീഷ് മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാടില്‍ തന്നെയാണുള്ളത്. അതേ സമയം സുപ്രധാന വകുപ്പുകളില്‍ നിതീഷിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

 

web desk 3: