X

ഭീമ കൊറേഗാവ് കേസ്; 80കാരനായ കവി വരവര റാവുവിന് ജാമ്യമില്ല

മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കവി വരവര റാവുവിന്റെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി. 80കാരനായ റാവുവിന് ആരോഗ്യകാരണങ്ങള്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു അപേക്ഷ. ജസ്റ്റിസുമാരായ എ.കെ മേനോന്‍, എസ്പി തവാഡെ എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

റാവുവിന്റെ ഭാര്യ പെണ്ഡ്യാല ഹേമലതയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ശരിക്ക് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് ഭര്‍ത്താവിന്റെ ആരോഗ്യസാഹചര്യമെന്നും പൈപ്പിലൂടെയാണ് മൂത്രമൊഴിക്കുന്നത് എന്നും ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴി റാവുവിന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് ഉത്തരവിട്ടു. വീഡിയോ വഴി സാധ്യമായില്ലെങ്കില്‍ തലോജ ജയിലില്‍ നേരിട്ടത്തി ഇത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുക.

നവംബര്‍ 16ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

2018 ജൂണില്‍ അറസ്റ്റിലായതു മുതല്‍ ജയിലിലാണ് റാവു. ജാമ്യം ആവശ്യപ്പെട്ട് റാവുവിന്റെ ഭാര്യ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി പരിഗണിക്കാത്തതിന് തുടര്‍ന്ന് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്.

പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങാണ് റാവുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. റാവുവിന്റെ മോശം ആരോഗ്യസാഹചര്യത്തെ കുറിച്ച് കേസ് അന്വേഷിച്ച എന്‍ഐഎയ്ക്ക് പോലും രണ്ടഭിപ്രായമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തടവില്‍ വയ്ക്കുന്നത് ക്രൂരമോ മനുഷ്യാവകാശ ധ്വംസനമോ ആകരുത്. ഇപ്പോള്‍ വരവറാവുവിനോട് ചെയ്യുന്നത് ക്രൂരതയാണ്. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്- ഇന്ദിര വാദിച്ചു.

Test User: