X

ഒന്നരപതിറ്റാണ്ടിന് ശേഷം അവിശ്വാസ പ്രമേയ ചര്‍ച്ച; വിവാദങ്ങളില്‍ ഉലഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം. 15 വര്‍ഷത്തിനു ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്.

ഒരു ദിവസത്തേക്ക് മാത്രമായി ചേരുന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ സഭ പ്രക്ഷുഭ്ധമാവും. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടക്കും. ധനകാര്യ ബില്‍ പാസാക്കല്‍ അജണ്ടയാണെങ്കിലും അവിശ്വാസ പ്രമേയമാകും സഭയെ പ്രക്ഷുബ്ദമാക്കുക. സഭയില്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിംക്ലര്‍, ബെവ്ക്യു, മണല്‍ക്കടത്ത്, ഇ മൊബിലിറ്റി, സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ആരോപണങ്ങള്‍ വിശദമായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റുക. രാവിലെ ഒമ്പതിനാണ് സഭാ സമ്മേളനം ആരംഭിക്കുക. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബില്‍ പാസാക്കിയശേഷം, പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ അഞ്ചു മണിക്കൂര്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശന്‍ സഭയില്‍ അവിശ്വാസം അവതരിപ്പിക്കും. തുടര്‍ന്ന് അതിന്മേല്‍ ചര്‍ച്ച ആരംഭിക്കും.

സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത്, ലൈഫ് വിവാദം തുടങ്ങിയയെല്ലാം നിയമസഭയില്‍ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. അതിനിടെ പുതിയ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കേരള നിയമസഭയുടെ ചരിത്രത്തിലെ 16ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അതരിപ്പിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി.കെ.കുഞ്ഞ് 1964 സെപ്റ്റംബര്‍ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭ രാജിവെച്ചിരുന്നു.

chandrika: