X
    Categories: Views

മുന്നണിയില്‍ വേണ്ട, മാണിയോടും പിള്ളയോടും ഒരേ നിലപാടെന്ന് കാനം

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയോടും കെ.എം മാണിയോടും സി.പി.ഐക്ക് ഒരേ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിലേക്ക് ഒരു ഘടകക്ഷിയെ സ്വീകരിക്കുമ്പോള്‍ അവിടെ അഴിമതിക്കെതിരായ നിലപാടും മുന്നണിയുടെ നയപരിപാടികളും പ്രധാനമാണ്. ആ രീതിയില്‍ മാണിയെ അംഗീകരിക്കാന്‍ സി.പി.ഐക്ക് കഴിയില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാനം വ്യക്തമാക്കി.

വ്യക്തികളുടെ മുഖം നോക്കിയല്ല, നയപരിപാടികള്‍ നോക്കിയാണ് മുന്നണികള്‍ നിലപാടുകള്‍ തീരുമാനിക്കുന്നത്. ബാലകൃഷ്ണപിള്ള യു.ഡി.എഫിലെ അഴിമതിയെ ചോദ്യം ചെയ്തു പുറത്തുവന്നയാളാണ്. പത്തനാപുരം സി.പി.ഐ മത്സരിച്ചുകൊണ്ടിരുന്ന സീറ്റാണ്. അത് ഗണേഷ് കുമാറിന് വിട്ടു കൊടുത്തു. അങ്ങനെ ജനങ്ങളുടെ കണ്‍മുന്നിലാണ് ഞങ്ങള്‍ ബാലകൃഷ്ണപിള്ളയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
എല്‍.ഡി.എഫില്‍ ചേര്‍ക്കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. ആ രീതിയിലാണ് ബാലകൃഷ്ണപിള്ളക്ക് മുന്നാക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതെന്നും കാനം പറഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സി.പി.ഐ ഒരു തടസവും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. മുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. പലകാര്യങ്ങളിലും സി.പി.ഐക്കുള്ള എതിരഭിപ്രായങ്ങള്‍ എല്‍.ഡി.എഫ് യോഗങ്ങളിലും വ്യക്തമാക്കാറുണ്ട്. കോഴിക്കോട് സംസാരിക്കുമ്പോള്‍ പ്രകാശ് കാരാട്ട് എല്‍.ഡി.എഫിലെ ഘടകക്ഷികള്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മലപ്പുറം തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സി.പി.ഐ നിശബ്ദത പാലിച്ചത്. പിന്നീട് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സി.പി.ഐ കൗണ്‍സില്‍ ചേര്‍ന്ന് കാരാട്ടിനുള്ള മറുപടി കൊടുത്തതും കാനം ഓര്‍മിപ്പിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച ചോദ്യത്തിന്, രണ്ട് കൈയും കൂട്ടിമുട്ടാതെ ശബ്ദമുണ്ടാവില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കണ്ണൂര്‍ സംഘര്‍ഷത്തിന്റെ ഭാഗമാക്കാന്‍ സി.പി.ഐ ആഗ്രഹിക്കുന്നില്ല. ലോ അക്കാദമിയിലെ എ.ഐ.എസ്.എഫ് നേതാവ് വിവേക് ലക്ഷ്മിക്കെതിരായ പരാതി പിന്‍വലിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ല. ഒരു വ്യക്തിയെന്ന നിലയില്‍ പരാതി നല്‍കാനും പിന്‍വലിക്കാനും വിവേകിന് അവകാശമുണ്ട്. അതയാളുടെ വ്യക്തിപരമായ കാര്യമാണ്. അവിടെ സി.പി.ഐക്കോ തനിക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കാനം പറഞ്ഞു. പിണറായി സര്‍ക്കാരിനല്ല, ഒരു സര്‍ക്കാരിനും നൂറ് ശതമാനം സംതൃപ്തി നല്‍കി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും വിമര്‍ശനങ്ങള്‍ പോസീറ്റിവായി കാണാനും അതിനനുസരിച്ചുള്ള തിരുത്തലുകള്‍ വരുത്താനും സര്‍ക്കാരിനാവണമെന്നും കാനം പറഞ്ഞു.

chandrika: