X

‘തെളിവില്ല’; ഹൈന്ദവ ഘോഷയാത്രയിലേക്ക് തുപ്പിയെന്ന കേസില്‍ 151 ദിവസത്തിന് ശേഷം മുസ്‌ലിം കുട്ടികള്‍ക്ക് ജാമ്യം

ഹൈന്ദവ ഘോഷയാത്രത്തിലേക്ക് തുപ്പിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത മുസ്‌ലിം കുട്ടികള്‍ക്ക് ജാമ്യം. 151 ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അനില്‍വര്‍മ്മയുടെ സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉജ്ജയിനിലെ ബാബാ മഹാകാളി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലേക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ തുപ്പിയെന്ന് ആരോപിച്ചാണ് കേസെടുത്തത്.

ഈ സംഭവത്തിന് പിന്നാലെ അനധികൃത നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടി അവര്‍ താമസിച്ചു വന്നിരുന്ന വീട് നഗരസഭാ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഉത്തരവിലായിരുന്നു ഈ നടപടി.

തുടക്കം മുതലേ വ്യാജമാണെന്ന് ആരോപണം ഉണ്ടായിരുന്ന കേസില്‍ നിലവില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ല എന്ന് കോടതി കണ്ടെത്തി. പൊലീസ് നിര്‍ബന്ധിച്ചാണ് എഫ്.ഐ.ആറില്‍ തങ്ങളെ കൊണ്ട് ഒപ്പിടിച്ചതെന്നും അതിന്റെ ഉള്ളടക്കം അറിയില്ലെന്നും കൂറുമാറിയ പരാതിക്കാരനും സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി.

ഐ.പി.സി സെക്ഷന്‍ 295 എ (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുന്നത് വഴി ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 153 എ (മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്) തുടങ്ങിയ വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്.

webdesk13: