X

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

webdesk14: