X

ലോകസഭാ തെരഞ്ഞെടുപ്പ്: യുവാക്കളെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന നിര്‍ദേശമാക്കാന്‍ ആലോചിക്കുന്നത്.

പാര്‍ട്ടി ഉന്നതതല സംഘമാണ് ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് വിവരം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അണിയറയില്‍ നിന്ന് ചുക്കാന്‍ പിടിക്കുന്ന പ്രിയങ്ക ഗാന്ധിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് സൂചന.

തെരഞ്ഞെടുപ്പില്‍ യുവവോട്ടര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്നിരിക്കെയാണ് ആദായ നികുതിയില്‍ നിന്നും 35 വയസില്‍ താഴെയുള്ളവരെ ഒഴിവാക്കാനുള്ള നിര്‍ദേശത്തിന് പിന്നില്‍. അധികാരത്തിലേറിയാല്‍ നൂറു ദിവസത്തിനകം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നായിരുന്നു 2014 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടായിരുന്നത്. അതേചുവട് പിടിച്ച് ഇത്തവണയും വോട്ട് പിടിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ശതമാനവും 35 വയസിന് താഴെ പ്രായമുള്ളവരാണെന്നിരിക്കെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകും പുതിയ നിര്‍ദേശമെന്നാണ് വിലയിരുത്തലുകള്‍.

2019ലെ പൊതു തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക നേരത്തെ തന്നെ തയാറാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശമാണ് കാര്യമായും പരിഗണിക്കുന്നത്. നേരത്തെ ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക കോണ്‍ഗ്രസ് തയാറാക്കിയിരുന്നത്. ഇതേ പ്രക്രിയ അടുത്ത ഏതാനും മാസത്തിനുള്ളില്‍ ദേശവ്യാപകമായി നടപ്പിലാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ക്ക് രൂപം നല്‍കിയ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാംപിത്രോഡ തന്നെയായിരിക്കും പൊതു തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയുടേയും ചുമതല വഹിക്കുക.

chandrika: