X

നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെയ്ഫ്യൂ റിയോയെ ഗവര്‍ണര്‍ ക്ഷണിച്ചു

കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷണം. പിന്തുണക്കുന്ന അംഗങ്ങള്‍ ഒപ്പുവെച്ച കത്ത് ഇന്ന് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

60 അംഗ നിയമസഭയില്‍ 27 അംഗങ്ങളുടെ പിന്തുണയുള്ള നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പി.ക്ക് 18 അംഗങ്ങളാണുള്ളത്. അതേസമയം സഖ്യ കക്ഷിയായ ബി.ജെ.പിക്ക് 12 സീറ്റുണ്ട്. ഇതോടെ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യത്തിന് 30 അംഗങ്ങളുടെ പിന്‍ബലമായി. ജെ.ഡി.യുവിന്റെ ഏക അംഗം ജി കെയ്‌തോ സ്വതന്ത്ര അംഗം തോങ്പാങ് ഒസുകും എന്നിവര്‍ സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഇതോടെ 32 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്‍.ഡി.പി.പി ജനറല്‍ സെക്ര്ട്ടറി അബു മേത്ത അവകാശപ്പെട്ടു.
എന്‍.ഡി.പി.പി പ്രസിഡണ്ട് ചെയ്ങ വാങ് കോയന്‍ക്, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വിസസോളി ലോങ്കു എന്നിവര്‍ക്കൊപ്പം ജെ.ഡി.യു, സ്വതന്ത്ര അംഗങ്ങളെയും കൂട്ടിയാണ് നെയ്ഫ്യൂ റിയോ ഗവര്‍ണറെ കണ്ടത്.

chandrika: