X

നോര്‍ത്ത് ഈസ്റ്റ് തോറ്റു; ചെന്നൈയിന്‍ എഫ്.സിക്ക് ചരിത്ര ജയം

ഗുവാഹത്തി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി . കഴിഞ്ഞ രണ്ടു സീസണിലും ഗോഹാട്ടിയില്‍ ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയക്കൊടി നാട്ടിയട്ടില്ല എന്ന റെക്കോര്‍ഡ് ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി തകര്‍ത്തു.
49 ാം മിനിറ്റില്‍ ഇറ്റാലിയന്‍ മുന്നേറ്റ താരം ഡേവിഡ് സൂചിയുടേതാണ് വിജയഗോള്‍. ചെന്നൈയിന്‍ എഫ്.സിയുടെ ബെര്‍ണാര്‍ഡ് മെന്‍ഡിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ ചെന്നൈയിന്‍ എഫ്.സി നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റ് ഇതിനകം സമ്പാദിച്ച നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനം തുടരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ തോല്‍വിയാണിത്. ചെന്നൈയിന്‍ എഫ്.സി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി ബെര്‍ണാര്‍ഡ് മെന്‍ഡി, സിയാം ഹങ്കല്‍, പെലൂസ എന്നിവരെ ആദ്യ ഇലവനിലേക്കു കൊണ്ടുവന്നു.
റിസെ,ബ്ലാസി,റാണെ എന്നിവരെ ഒഴിവാക്കി. ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റരാസി ഇറ്റാലിയന്‍ താരങ്ങളായ പെലൂസോ,സൂച്ചി എന്നിവരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇറക്കിയത്. ഈ കണക്കുകൂട്ടല്‍ ക്ലിക്ക് ചെയ്തു.പത്താം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ റോമറിക്കിന്റെ 40 വാര അകലെ നിന്നുള്ള ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ എഫ്.സി ഗോളി കരണ്‍ജിത്തിനെ പരീക്ഷിച്ചു. 16 ാം മിനിറ്റിലായിരുന്നു ചെന്നൈയിന്‍ എഫ്.സിക്കു ആദ്യ അവസരം. സാഹ്്‌നിയുടെ ക്രോസില്‍ നോര്‍ത്ത് ഈസ്റ്റിന്റെ റൗളിങ്ങ് ബോര്‍ഹസിന്റെ ദേഹത്തു തട്ടിവന്ന പന്ത് ചെന്നൈയിന്‍ എഫ്.സിയുടെ ഡേവിഡ് സുചിയിലേക്കു വന്നു. എന്നാല്‍ മിന്നല്‍ വേഗത്തില്‍ സുചിയുടെ കാലിലില്‍ നിന്നും വന്ന പന്ത് ചാടി വീണ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോള്‍ വിഫലമാക്കി. നോര്‍ത്ത് ഈസ്റ്റിന്റെ അപകടകാരിയായ അല്‍ഫാരോയെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല അല്‍ സാബിയയക്കു എല്‍പ്പിച്ചുകൊടുത്തിരുന്നു.
ഇത് വിജയകരമായി നടപ്പാക്കി. ഒന്നാം പകുതിയുടെ പകുതിയിലേക്കു നീങ്ങിയതോടെ ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി.
28 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് അപകടമണി മുഴക്കി. 30 വാര അകലെ നിന്നും മൗറീസ്യോ പെലൂസ എടുത്ത വെടിയുണ്ടപോലുള്ള കിക്ക് സുബ്രതോ പോള്‍ തട്ടിയകറ്റി. റീ ബൗണ്ടില്‍ ഹാന്‍സ് മോള്‍ഡറിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കളി കൂടുതല്‍ പരുക്കനായി.
അല്‍ഫാരോയെയെ ഫൗള്‍ ചെയ്തതിനു ബെര്‍ണാര്‍ഡ് മെന്‍ഡിയ്ക്ക് മഞ്ഞക്കാര്‍ഡ് നോര്‍ത്ത് ഈസ്റ്റിനു കിട്ടിയ പ്രധാന പ്രഹരം ഒന്നാം പകുതിയില്‍ നിക്കോളാസ് വെലസ് പരുക്കേറ്റു പുറത്തായതാണ്. പകരം വെല്ലിങ്ങ്ടണ്‍ പ്രയറിയ്ക്കു ഇറങ്ങേണ്ടിവന്നു. 42 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി കിട്ടിയ രണ്ടാമത്തെ കോര്‍ണര്‍ കിക്കും സുബ്രതോ പോളിനെ ഒന്നു ഞെട്ടിച്ചു. കിക്കെടുത്ത പെലൂസ തന്നെ പാസ് സ്വീകരിച്ചു രണ്ടാം പോസ്റ്റിലേക്കുള്ള മിന്നല്‍ ഷോട്ട് സുബ്രതോ പോള്‍ കഷ്ടിച്ചു രക്ഷിച്ചു.
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ചെന്നൈയിന്‍ എഫ്.സി ഡെഡ് ലോക്ക് തകര്‍ത്തു ഗോള്‍ നേടി. 49 ാം മിനിറ്റില്‍ ലഭിച്ച ത്രോ ഇന്നിനെ തുടര്‍ന്നായിരുന്നു ഗോള്‍. സിയാം ഹാങ്കലിന്റെ അളന്നുകുറിച്ച ക്രോസില്‍ അനായാസമായ ഫസ്റ്റ് ടൈം സൈഡ് വോളി സുബ്രതോ പോളിന്റെ ഇതുവരെ കാത്തു സൂക്ഷിച്ച ഗോള്‍ വലയം തകര്‍ത്തു. ഗോഹാട്ടിയില്‍ ചെന്നൈയിന്‍എഫ്.സിയുടെ ഐഎസ്എല്ലിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 57 ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തിനു മുന്നില്‍ കിട്ടിയ ഫ്രി കിക്ക് 30 വാര അകലെ നി്ന്നും എടുത്ത റൊമാറിക്കിനു ലക്ഷ്യത്തിലേക്കു പായിക്കാനായില്ല. പന്ത് ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ വെല്ലിങ്ടണ്‍ പ്രയോറി മഞ്ഞക്കാര്‍ഡ് വാങ്ങി.
. 62 ാം മിനിറ്റില്‍ കാത്സുമിയുടെ ഗോള്‍ മുഖത്തു കൂടിയുള്ള ക്രോസില്‍ ഹോളിചരണ്‍ നാര്‍സറി തൊട്ടുകൊടുത്താല്‍ അകത്താകുമായിരുന്ന അവസരം തുലച്ചു. തൊട്ടുപിന്നാലെ സൗവിക്കിനെ പിന്‍വലിച്ചു നോര്‍ത്ത് ഈസ്റ്റ് സുമിത് പാസിയെ ഇറക്കി. 67 ാം മിനിറ്റില്‍ റൊമാറിക്കിനു കിട്ടിയ അവസരം ബെര്‍ണാര്‍ഡ് മെന്‍ഡി അവസരത്തിനൊത്തുയര്‍ന്നു മനോഹരമായ ടാക്ലിങ്ങിലൂടെ അപകടം ഒഴിവാക്കി. അടുത്ത മിനിറ്റില്‍ റൊമാറിക്കിന്റെ ഹെഡ്ഡര്‍ ചെന്നൈ ഗോളി കരങ്ങളിലൊതുക്കിയും രക്ഷപ്പെടുത്തി. ചെന്നൈയിന്‍ എഫ്.സി അവസാന മിനുറ്റുകളില്‍ സുചിക്കു പകരം ഡുഡുവിനെയും സാഹ്്‌നിക്കു പകരം ജയേഷ് റാണയേയും നോര്‍ത്ത് ഈസ്റ്റ് റൊമാറിക്കിനു പകരം റോബര്‍ട്ടിനെയും കൊണ്ടുവന്നു.
നോര്‍ത്ത്് ഈസ്റ്റിന്റെ സമനില ഗോളിനുള്ള തുടരെയുള്ള ശ്രമങ്ങള്‍ എങ്ങനെയും തടയുക എന്ന ലക്ഷ്യത്തിലായിരുന്നു ചെന്നൈയിന്‍ എഫ്.സി. കാത്്‌സുമിയെ ഫൗള്‍ ചെയ്തതിനു ചെന്നൈയിന്‍ എഫ്.സിയുടെ ജെറിക്കു മഞ്ഞക്കാര്‍ഡ്.
അവസാന മിനിറ്റുകളില്‍ ചെന്നൈയിന്‍ എഫ്.സി ഗോള്‍കീപ്പര്‍ കരണ്‍ജിത്തിനു തുടരെ ഭീഷണി നേരിടേണ്ടി വന്നു. എന്നാല്‍ തുടരെയുള്ള ആക്രമണങ്ങളെ ചെന്നൈയിന്‍ എഫ്.സിയുടെ മധ്യനിരയും പ്രതിരോധനിരയും ഒത്തുചേര്‍ന്നു ഫലപ്രദമായി തടഞ്ഞു ടീമിനെ ചരിത്രം കുറിച്ച വിജയത്തിലെത്തിച്ചു.

chandrika: