X
    Categories: Newsworld

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നതില്‍ മാപ്പുചോദിച്ച് കിം ജോങ് ഉന്‍

സോള്‍: അതിര്‍ത്തി ലംഘിച്ച ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ദക്ഷിണ കൊറിയക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നത്. ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം ഖേദപ്രകടനം നടത്തിയത്.

തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിയയാള്‍ രക്ഷാസേന പല തവണ ആവശ്യപ്പെട്ടിട്ടും ആരാണെന്നു വെളിപ്പെടുത്താന്‍ തയാറാകാതിരുന്നതോടെയാണു വെടിവച്ചതെന്ന് കത്തില്‍ പറയുന്നു. സമുദ്രാതിര്‍ത്തിയില്‍ ഉത്തര കൊറിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും കിം കത്തില്‍ പറയുന്നു.

ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപത്തുവച്ച് മാരിടൈം അഫയേഴ്‌സ്, ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെയാണ് സെപ്റ്റംബര്‍ 21 മുതല്‍ കാണാതായത്. ഇയാള്‍ ഉത്തര കൊറിയയിലേക്കു കടക്കാന്‍ ശ്രമിച്ചതാണോ എന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഉത്തര കൊറിയന്‍ നടപടിയെ ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തര കൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്.

web desk 1: