X

നോട്ട് അസാധുവാക്കലിന്റെ പേരില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് 5ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ്: നോട്ട് അസാധുവാക്കലിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കുടുംബത്തിന് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പഴയ നോട്ട് മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന വിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് അലിഗഡില്‍ റസിയ എന്ന സ്ത്രീ തീകൊളുത്തി മരിച്ചത്. അവരുടെ മക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു.

തന്റെ കയ്യിലുണ്ടായിരുന്ന 500 രൂപയുടെ നോട്ട് മാറ്റിയെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെയാണ് റസിയ ആത്മഹത്യ ചെയ്യുന്നത്. പ്രദേശത്തെ വ്യത്യസ്ത ബാങ്കുകളിലായി അഞ്ചുദിവസത്തിലധികം റസിയ നടന്നെങ്കിലും കഴിഞ്ഞില്ല. ഇതുകാരണം ഈ ദിവസങ്ങളിലൊന്നും ജോലിക്ക് പോകാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഇക്കാരണത്താല്‍ റസിയയുടെ കുട്ടികള്‍ക്ക് 3 ദിവസമായി പട്ടിണിയിലായിരുന്നു. ആ മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഡല്‍ഹി അലിഗഡിലെ ഷാജമാല്‍ മേഖലയിലാണ് റസിയയുടെ താമസം.

നോട്ട് വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യചെയ്യേണ്ടി വന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. അനാഥമായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങെന്നോണമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു

chandrika: