X

നോട്ട് പിന്‍വലിക്കല്‍: അവധി കഴിഞ്ഞ് തിരിച്ചു വരാനിരുന്നവര്‍ ദുരിതത്തിലായി

റസാഖ് ഒരുമനയൂര്‍

അബുദാബി:ഇന്ത്യയില്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി മാറ്റിയതു മൂലം അവധി കഴിഞ്ഞു തിരിച്ചു വരാനിരുന്ന പ്രവാസികള്‍ കടുത്ത ദുരിതത്തിലായി. ഇന്നലെയും ഇന്നുമായി തിരിച്ചു വരാനിരുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത്. വിവിധ ആവശ്യങ്ങള്‍ക്കായി പണം ആവശ്യമുണ്ടായിരുന്നവര്‍ ഇന്നലെ യാതൊന്നും ചെയ്യാന്‍ കഴിയാതെ നട്ടം തിരിയുകായിരുന്നു. ഇന്നും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നാണ് നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. പോസ്റ്റ് ഓഫീസില്‍ നിന്നും പണം മാറിക്കിട്ടുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ പോസ്റ്റ് ഓഫീസില്‍ എത്തിയെങ്കിലും പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് അവധിക്കു പോയ പ്രവാസികള്‍ പറയുന്നു. അവധിക്കു പോയവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചു വീട്ടില്‍ സൂക്ഷിച്ചിരുന്നു.

മരുന്ന് വാങ്ങല്‍ മുതല്‍ ഭൂമി രജിസ്‌ട്രേഷഷന്‍ വരെ ഇന്നലെ നടത്താനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നതിനിടെയാണ് നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാന്‍ തീരുമാനിച്ച പലര്‍ക്കും വന്‍ ദുരിതമാണ് വന്നു ഭവിച്ചത്. ചൊവ്വാഴ്ച 10 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചു ഇന്നലെ രജിസ്‌ട്രേഷന്‍ നടത്താന്‍ തീരുമാനിച്ച തൃശൂര്‍ സ്വദേശി അബൂബക്കറിന് യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി മാറി. ഇന്ന് അബുദാബിയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അദ്ദേഹത്തിന് പണം കൈയില്‍ വന്നതാണ് വിനയായി മാറിയത്. ഇത്രയും തുക മാറിക്കിട്ടണമെങ്കില്‍ ഇനിയും ഏ താനും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.
തുക മാറ്റിയെടുക്കാനായി ദിവസങ്ങളോളം നാട്ടില്‍ നിന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കയിലാണ്.

ഇത്രയും വലിയ തുക ആരെയും ഏല്‍പ്പിച്ചു പോരാനോ വീട്ടില്‍ ധൈര്യമായി സൂക്ഷിക്കാനോ കഴിയാത്ത സ്ഥിതിയിലാണുള്ളതെന്ന് അബൂബക്കര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
ഇത്തരത്തില്‍ നിരവധി പേരാണ് കടുത്ത മാനസിക സംഘര്‍ഷത്തിന് ഇരയായിത്തീര്‍ന്നിട്ടുള്ളത്. ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു വരുന്നവര്‍ തങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള മരുന്നുകളും അത്യാവശ്യ സാധനങ്ങളും വാങ്ങാന്‍ കഴിയാതെയും പ്രയാസത്തിലായി മാറി. യാത്ര ചെയ്യാനുള്ള ടിക്കറ്റ് എടുത്ത് ട്രാവല്‍ ഏജന്‍സികളില്‍ ഇന്നലെ പണം കൊടുക്കാമെന്ന് പറഞ്ഞവരും വെട്ടിലായി. എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടിക്കൂലി പോലും നല്‍കാന്‍ കഴിയാതെ വിഷമിക്കേണ്ടി വന്നുവെന്ന് ഇന്നലെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.

 
പണം കൈയിലുണ്ടായിട്ടും യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി എന്നത് ഇതുവരെ ഇല്ലാത്ത അനുഭവമാണെന്ന് വിദഗ്ധര്‍ പോലും വിലയിരുത്തുന്നു. പണവുമായി നെട്ടോട്ടമോടിയതല്ലാതെ ആര്‍ക്കും യാതൊരു വിധ ഗുണവുമുണ്ടായില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്നവര്‍ പറയുന്നു. നാട്ടില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ കൈയില്‍ കരുതിയ കാശും അസാധുവായി മാറുകയാണെന്നത് പ്രവാസികളെ വേദനിപ്പിക്കുന്നുണ്ട്. നിരവധി പേര്‍ ഇതുസംബന്ധിച്ച വാര്‍ത്ത വന്ന ഉടനെ തന്നെ എക്‌സ്‌ചേഞ്ചുകളില്‍ എത്തിയെങ്കിലും ഇന്ത്യയുടെ നോട്ടുകള്‍ മാറിക്കൊടുക്കാന്‍ പല എക്‌സ്‌ചേഞ്ചുകളും തയ്യാറായില്ല എന്ന് പറയപ്പെടുന്നു.

chandrika: