X

ശുഹൈബ് വധം: ഡമ്മി പ്രതികളെന്ന വാദം ശക്തമാകുന്നു; വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരിയില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ്

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന വാദം ശക്തമാകുന്ന രീതിയില്‍ വെളിപ്പെടുത്തല്‍. ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരിയില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ് പറഞ്ഞു.

മൂന്ന് പേര്‍ ചേര്‍ന്നാണ് ശുഹൈബിനെ വെട്ടിയത്. എന്നാല്‍ വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ് പറഞ്ഞു. 26, 27 വയസ്സുള്ളവര്‍ ആണ് വെട്ടിയ സംഘത്തില്‍ ഉള്ളത്. ആകാശ് ആ സംഘത്തില്‍ ഇല്ല. ആകാശ് തില്ലങ്കരിയെ തനിക്ക് നേരിട്ടറിയാം. എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലെന്നും നൗഷാദ് പറയുന്നു. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു നൗഷാദ്.

ശുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്ന് നൗഷാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശുഹൈബ് വധത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയേയും വിപിന്‍രാജിനേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യക്തമാക്കി.

കൊലപാതകം നടത്തിയവരേയും സഹായിച്ചവരേയും തിരിച്ചറിഞ്ഞു. കൊലയാളികള്‍ എത്തിയ വാഹനവും രക്ഷപ്പെടാന്‍ സഹായിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് സൂചന. വാടകക്കെടുത്ത വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിട്ടുള്ളത്. കൊലപ്പെടുത്താന്‍ വാളുകളാണ് ഉപയോഗിച്ചത്. പ്രതികളില്‍ ചിലര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു.

chandrika: