X

ഇനി വേണ്ടത് ആറ് കോടി; റഹീമിന് നാടണയാന്‍ കൈ കോര്‍ത്ത് മലയാളികള്‍

അബ്ദുറഹീമിന്റെ മോചനത്തിന് ഇനി വേണ്ടത് ആറ് കോടി. ഇതിനായി നാട്ടിലും വിദേശത്തുമുള്ള കരുണയുള്ളവര്‍ കൈകോര്‍ക്കുകയാണ്. സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനാണ് ലോാകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് കോടി കൂടി സമാഹരിച്ച് 34 കോടി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കിയാല്‍ റഹീമിന് നാടണയാം. ഇതിനോടകം പലരില്‍ നിന്നായി 28 കോടി രൂപ സ്വരൂപിച്ചു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ബാക്കി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പ്രിയപ്പെട്ടവര്‍.

മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും പിന്നീട് മരിക്കുകയും ചെയ്തു.

webdesk13: