X

“പക്വതയുള്ളത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായില്ലേ”; ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതിന് പൊങ്കാലയിട്ടവരോട് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരാധകനാണെന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു. ആര്‍ക്കാണ് കൂടുതല്‍ പക്വതയെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ പരിഹാസ പ്രതികരണം വന്നത്.

ഇന്ത്യ-പാക് വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ സ്വീകരിച്ച നിലപാടിനെയും സമാധാനം ഉപദേശിച്ച അദ്ദേഹത്തിന്റെ പ്രസംഗത്തെയും കട്ജു കഴിഞ്ഞദിവസം പ്രസംശിച്ചിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാര്‍ അനുകൂലികളില്‍ നിന്നും തനിക്കുനേരിടേണ്ടിവന്ന ആക്രമണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ട്വിറ്റിലാണ് കട്ജു പക്വതയെക്കുറിച്ച് പറയുന്നത്.

‘പാക്കിസ്ഥാനെ വ്യാജം, കൃത്രിമ രാജ്യം എന്നൊക്കെ ഞാന്‍ വിളിച്ചപ്പോള്‍ ഒരൊറ്റ പാക്കിസ്ഥാനിപോലും എന്നെ ചീത്തവിളിച്ചിട്ടില്ല. പക്ഷേ ഞാന്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയപ്പോള്‍, ഡസന്‍സ് കണക്കിന് ഇന്ത്യക്കാരാണ് എന്നെ ചീത്തവിളിച്ചത്. (ചില കമന്റുകള്‍ അങ്ങേയറ്റം മോശമായതിനാല്‍ എനിക്കു ഡിലീറ്റ് ചെയ്യേണ്ടി വന്നു. പലരും എന്നെ ഭ്രാന്തന്‍, ചാരന്‍, കിളവന്‍ എന്നൊക്കെ വിളിച്ചു. എന്നോട് പാക്കിസ്ഥാനിലേക്ക് പോയ്ക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ പക്വത?’ കട്ജു ചോദിക്കുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമര്‍ശകനായിരുന്ന താന്‍ ഇന്ന് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നായിരുന്നു കട്ജു കഴിഞ്ഞദിവസം ട്വീറ്റു ചെയ്തത്.

‘ നേരത്തെ ഞാന്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടി.വിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി.’ എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം ടെലിവിഷന്‍ അഭിസംബോധനയില്‍ അറിയിച്ചു. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കട്ജുവിന്റെ പ്രതികരണം.

chandrika: